കടുത്ത മഞ്ഞും കഠിനമായ വെയിലും’; ജില്ലയിൽ വൈറൽ പനി പടരുന്നു; വില്ലാനാകുന്നത് കാലാവസ്ഥാ മാറ്റം; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്..!
കടുത്ത മഞ്ഞും കഠിനമായ വെയിലും മാറിമാറി വരുന്ന അസാധാരണ കാലാവസ്ഥയെത്തുടർന്ന് മലപ്പുറം ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഈ മാസം ഇതുവരെ 24,868 പേരാണ് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്.
ശരാശരി 1,400 പേർ പ്രതിദിനം പനി ബാധിച്ച് എത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി പരിഗണിച്ചാൽ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ സാധ്യതയുണ്ട്.
വൈകിട്ട് മുതൽ പുലർച്ചെ വരെ നീളുന്ന കടുത്ത തണുപ്പും പകലിലെ കഠിനമായ ചൂടുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമാകുന്നത്. പനിക്കൊപ്പം വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടുമാണ് പലരെയും അലട്ടുന്നത്.
ബാധിക്കുന്നവരിൽ 84 പേർക്ക് നിലവിൽ കിടത്തിച്ചികിത്സ ആവശ്യമായി വന്നിട്ടുണ്ട്. കുട്ടികളിൽ കഫക്കെട്ട് ഗുരുതരമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ലക്ഷണങ്ങളും ഡോക്ടർമാരുടെ നിർദ്ദേശവും
നാല് ദിവസം വരെ നീളുന്ന കടുത്ത പനി, ശരീരവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരിൽ രക്തത്തിലെ കൗണ്ട് കുറയുന്ന പ്രവണത കാണുന്നതിനാൽ ചികിത്സ തേടാൻ വൈകരുതെന്ന് ഡോക്ടർമാർ.
പനി മാറിയാലും ആഴ്ചകളോളം നീളുന്ന ചുമയും അമിതമായ തളർച്ചയും രോഗികളെ വലയ്ക്കുന്നുണ്ട്. കൃത്യമായ വിശ്രമവും പോഷകാഹാരവും ഉറപ്പാക്കിയാൽ രോഗമുക്തി വേഗത്തിലാക്കാം.
സ്വയം ചികിത്സ ഒഴിവാക്കണമെന്നും പനി ബാധിച്ച കുട്ടികളെ സ്കൂളുകളിൽ അയക്കാതെ വിശ്രമിക്കാൻ അനുവദിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും കാലാവസ്ഥാ വ്യതിയാനം തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ.
