കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു
ബെംഗളൂരു ; കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ട് രണ്ടുപേർ മരിച്ചു. കർണാടക ബിഡദിക്ക് സമീപമാണ് അപകടം നടന്നത്. ബസിലെ ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടർ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മൈസൂർ ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു എന്നാണ് വിവരം.
മഴയുള്ള സമയത്ത് നിയന്ത്രണം വിട്ട ബസ് പാതയോരത്തെ വലിയ സൈൻ ബോർഡ് കമാനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വലിയ സൈൻ ബോർഡ് തകർന്നു വീഴുകയും ബസ് ഒരു വശത്തേക്ക് മറിയുകയും ചെയ്തു. ബെംഗളൂരുവിൽ നിന്ന് ഏകദേശം 30 മുതൽ 40 കിലോമീറ്റർ വരെ അകലെയാണ് അപകടം നടന്ന സ്ഥലം.
പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ കെ.എൻ.സി.സി പോലുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ബിഡദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലേക്ക് മാറ്റി. അപകടവിവരമറിഞ്ഞ് വയനാട്ടിൽ നിന്നും ബംഗളൂരുവിൽ നിന്നുമുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മറ്റ് വാഹനങ്ങൾ അപകടസമയത്ത് തൊട്ടടുത്ത് ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവായി.
