റോഡപകടങ്ങൾ തുടർക്കഥയാകുന്നു ; ജില്ലയിൽ ഏഴ് മാസത്തിനിടെ പൊലിഞ്ഞത് 187 ജീവനുകൾ..! പരിശോധനകൾ കർശനമായിട്ടും റോഡുകളിൽ ചോര പൊടിഞ്ഞുതന്നെ
പോലീസും മോട്ടോർ വാഹന വകുപ്പും റോഡുകളിൽ പരിശോധന കടുപ്പിക്കുമ്പോഴും മലപ്പുറം ജില്ലയിലെ റോഡപകടങ്ങൾക്കും ജീവഹാനിക്കും കുറവില്ല. ഈ വർഷത്തെ ആദ്യ ഏഴ് മാസത്തിനിടെ വിവിധ റോഡപകടങ്ങളിൽ മാത്രം 187 പേർക്കാണ് ജീവൻ നഷ്ടമായത്. അമിതവേഗതയും അശ്രദ്ധമായ ഓവർടേക്കിംഗുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും പ്രധാന കാരണമാകുന്നത്.
ഇതിനുപുറമേ റോഡുകളിലെ കുഴികളും അശാസ്ത്രീയമായ വളവുകളും സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്.
ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ആകെ 2,320 റോഡപകടങ്ങളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. അപകടങ്ങളിൽ 1,989 പേർക്ക് ഗുരുതരമായോ നിസ്സാരമായോ പരിക്കേറ്റു. കൂടാതെ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടവും വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ച 152 അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡ്രൈവർമാരുടെ അശ്രദ്ധ മൂലം കാൽനടയാത്രക്കാരുടെ ജീവൻ പോലും റോഡുകളിൽ പൊലിയുന്ന അവസ്ഥയാണുള്ളത്.
അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങളിൽ സിംഹഭാഗവും ഇരുചക്ര വാഹനങ്ങളാണ്.
സ്വകാര്യ ബസുകൾ, കാറുകൾ, മറ്റ് വലിയ ഭാരവാഹനങ്ങൾ എന്നിവ ഉൾപ്പെട്ട അപകടങ്ങളും ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ദേശീയപാതകളിലും സംസ്ഥാന പാതകളിലും രാത്രി സമയങ്ങളിലുണ്ടാകുന്ന അപകടങ്ങളുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്ത 3,566 അപകടങ്ങളിൽ നിന്ന് 330 മരണവും 2,997 പരിക്കുകളുമാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ ഈ വർഷം ഏഴ് മാസം പിന്നിടുമ്പോൾ തന്നെ കഴിഞ്ഞ വർഷത്തെ ആകെ മരണസംഖ്യയുടെ പകുതിയിലധികവും അപകടങ്ങളുടെ വലിയൊരു ഭാഗവും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ഇതേ അവസ്ഥ തുടർന്നാൽ വർഷാവസാനത്തോടെ ദുരന്തവ്യാപ്തി മുൻവർഷത്തേക്കാൾ ഉയർന്നേക്കുമെന്ന വലിയ ആശങ്കയിലാണ് അധികൃതരും പൊതുജനങ്ങളും.
