വടക്കാഞ്ചേരിയില്‍ വെടിക്കെട്ട് പുരയില്‍ ഉഗ്രസ്‌ഫോടനം, ഒരാള്‍ക്ക് ഗുരുതരപരിക്ക്
തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. വെടിക്കെട്ട് പുരയില്‍ ജോലി ചെയ്തിരുന്ന മണി എന്ന തൊഴിലാളിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വടക്കാഞ്ചേരിയിലെ ഒരു പാടശേഖരത്താണ് വെടിക്കെട്ട് പുര സ്ഥിതി ചെയ്തിരുന്നത്. സ്‌ഫോടനത്തിന്റെ പ്രകമ്പനങ്ങള്‍ കിലമോറ്റീറുകള്‍ ദൂരെ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. 600 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വീടുകളുടെ ജനൽ ചില്ലുകളെല്ലാം തകർന്നിട്ടുണ്ട്.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സ്‌ഫോടനം നടക്കുന്നത്. വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ഉല്‍സവ സീസണുകള്‍ ആരംഭിക്കാനിരിക്കെ അതിനായി സംഭരിച്ച വെടിമരുന്നിനാണ് തീ പിടിച്ചതെന്നറിയുന്നു. ഗുരുതരമായ പരിക്കേറ്റ മണിയെന്ന തൊഴിലാളിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
കുണ്ടന്നൂർ സുന്ദരാക്ഷൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വെടിക്കെട്ട് പുരയ്ക്കാണ് തീ പിടിച്ചത്. രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ പേരിലുള്ള ലൈസൻസിലാണ് പടക്കപ്പുര പ്രവർത്തിച്ചിരുന്നത്.
അളവില്‍ കവിഞ്ഞ രീതിയില്‍ വെടിമരുന്നു സംഭരിച്ചോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തീ അണക്കാന്‍ ഫയര്‍ ഫോഴ്‌സ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ പേര്‍ അപകടത്തിന് ഇരയായിട്ടുണ്ടോ എന്ന സംശയവും ഉണ്ട്.
