മലപ്പുറത്ത് തിയേറ്ററിൽ വൻ തീപിടിത്തം; സംഭവം പുതിയ ചിത്രങ്ങളുടെ റിലീസിനിടെ; ലക്ഷങ്ങളുടെ നാശനഷ്ടം..!
പുതിയ ചിത്രങ്ങളുടെ റിലീസിനിടെ മലപ്പുറം കോട്ടപ്പടിയിലെ പത്മ തിയേറ്ററിലുണ്ടായ വൻ തീപിടിത്തത്തിൽ തിയേറ്റർ കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാലേകാലോടെയാണ് സംഭവം. രണ്ട് സ്ക്രീനുകളുള്ള തിയേറ്ററിലെ ‘സ്ക്രീൻ-2’ ലാണ് തീപിടിത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പുതിയ ചിത്രങ്ങൾ ഇന്ന് തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. അപകടത്തിൽ ഏകദേശം 40 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ മലപ്പുറം ഫയർസ്റ്റേഷനിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാനായത്.
ഫയർഫോഴ്സിന്റെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം തീ കൂടുതൽ ഇടങ്ങളിലേക്കും തിയേറ്ററിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടരാതെ തടയാൻ സാധിച്ചു. ഇത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.
