പരപ്പനങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണം; ഒരു വയസ്സുകാരൻ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്
പരപ്പനങ്ങാടി : തീരദേശ മേഖലയിൽ തെരുവ് നായയുടെ അഴിഞ്ഞാട്ടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.
സദ്ദാം ബീച്ച് ഭാഗത്ത് നിന്ന് തുടങ്ങിയ നായയുടെ ആക്രമണം പുത്തൻകടപ്പുറം, ഒട്ടുമ്മൽ, ഒട്ടുമ്മൽ സൗത്ത് വഴി ചാപ്പപ്പടി വരെ നീണ്ടുനിന്നു.
പരിക്കേറ്റ കെ. ഇംറാൻ (ഒന്ന്), നാസിം (രണ്ട്), അഫ്സ (നാല്), ഹംദാൻ (എട്ട്), മുജീബ് റഹ്മാൻ (50), സുബൈദ (54) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, കെ. ഫാത്തിമ (52), ഇ. റസാഖ് (45) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നാല് വയസ്സുകാരി അഫ്സയുടെ മുഖത്താണ് കടിയേറ്റത്. പേവിഷബാധയുള്ളതായി സംശയിക്കുന്ന നായയെ ഒടുവിൽ ഒട്ടുമ്മൽ സലഫി നഗറിൽ വെച്ച് നാട്ടുകാർ തല്ലിക്കൊന്നു.
