ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ വിഷപ്പുക; വായുഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിൽ, മുംബൈയിൽ വ്യാപക തീപിടിത്തം
ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും വായുഗുണനിലവാര സൂചിക (എക്യുഐ) 500 കടന്ന് അതീവ ഗുരുതരാവസ്ഥയിലെത്തി. പുകമഞ്ഞ് കനത്തതോടെ ദൃശ്യപരിധി കുറഞ്ഞു. ഹരിത പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്ന ഉത്തരവ് വ്യാപകമായി ലംഘിക്കപ്പെട്ടതായാണ് വിവരം.
കാഴ്ചപരിധി കുറഞ്ഞത് റോഡ് ഗതാഗതത്തെയും ബാധിച്ചു. മലിനീകരണം നിയന്ത്രിക്കാൻ വരും മണിക്കൂറുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചേക്കും.
അതിനിടെ, ദീപാവലി ആഘോഷങ്ങൾക്കിടെ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക തീപിടിത്തമുണ്ടായി. ഡോംഗ്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ നിരവധി കടകളും കുടിലുകളും കത്തിനശിച്ചു. വിരാറിലും താനെയിലും താമസക്കെട്ടിടങ്ങൾക്ക് തീപിടിച്ചു.
താനെയിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നവിമുംബൈയിലെ തുർബെയിലുള്ള ഷോപ്പിങ് സെന്ററിലും തീപിടിത്തമുണ്ടായി. സോഫ നിർമാണ യൂണിറ്റിന് മുകളിൽ പടക്കം വീണതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
