NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറത്ത് സ്‌ട്രോങ് റൂം തുറക്കാൻ കളക്ടര്‍ നിര്‍ദേശം നല്‍കി; വോട്ട് ചെയ്യാത്ത യന്ത്രങ്ങൾ മാറ്റാനെന്ന് വിശദീകരണം; അട്ടിമറി ആരോപണത്തിൽ ഉറച്ച് പരാതി നൽകാൻ യു.ഡി.എഫ്..!

മലപ്പുറം ജില്ലയിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾ തുറക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയെന്ന യു.ഡി.എഫിന്റെ ആരോപണം പുതിയ വിവാദങ്ങൾക്ക് വഴിവെച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.പി. അബ്ദുൾ മജീദ് ആരോപിക്കുന്നത്.

വോട്ടെടുപ്പ് പൂർത്തിയായി യന്ത്രങ്ങൾ സീൽ ചെയ്ത് വെച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾ തുറക്കാൻ നിർദ്ദേശം നൽകിയത് ദുരൂഹമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും യു.ഡി.എഫ് ആരോപിക്കുന്നു.

 

റിട്ടേണിങ് ഓഫീസർമാരുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലേക്കാണ് കളക്ടർ ഈ നിർദ്ദേശം നൽകിയതെന്നാണ് യു.ഡി.എഫ് പക്ഷം പറയുന്നത്. പിന്നീട് ഈ നിർദ്ദേശം പിൻവലിച്ചതായും അവർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദമാണോ ഇത്തരം ഒരു നീക്കത്തിന് പിന്നിലെന്ന് കളക്ടർ വ്യക്തമാക്കണമെന്ന് കെ.പി. അബ്ദുൾ മജീദ്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം.

എന്നാൽ, ഈ ആരോപണങ്ങളെ തള്ളിക്കൊണ്ടുള്ള വിശദീകരണമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. വോട്ടെടുപ്പ് ദിവസം ഉപയോഗിക്കാത്തതും റിസർവ് ആയി വെച്ചിരുന്നതുമായ യന്ത്രങ്ങൾ മാറ്റി പ്രത്യേകം സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നിർദ്ദേശം നൽകിയതെന്നാണ് പ്രാഥമിക വിശദീകരണം.

വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളിൽ കൃത്രിമം നടത്താൻ കഴിയില്ലെന്നും മൂന്ന് തലത്തിലുള്ള കനത്ത സുരക്ഷയിലാണ് ഇവയെന്നും അധികൃതർ.

സ്‌ട്രോങ് റൂമുകളുടെ സുരക്ഷയെ സംബന്ധിച്ച് വോട്ടെണ്ണൽ ദിവസമായ മേയ് 4 വരെ കനത്ത ജാഗ്രത വേണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!