താനൂർ മുക്കോലയിൽ തെരുവുനായ ആക്രമണം; രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു
പ്രതീകാത്മക ചിത്രം
താനൂർ മുക്കോലയിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയാണ് പ്രദേശം വിറങ്ങലിച്ച സംഭവം ഉണ്ടായത്.
വീടിന് പുറത്തിറങ്ങിയ വിദ്യാർഥികളെയും നാട്ടുകാരെയുമാണ് അക്രമാസക്തനായ നായ ഓടിച്ചിട്ട് കടിച്ച് പരിക്കേൽപ്പിച്ചത്. ജനങ്ങളെ കൂടാതെ പ്രദേശത്തെ ആട്ടിൻകുട്ടിക്കും നായയുടെ കടിയേറ്റിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിലായി ചികിത്സ തേടി.
പ്രദേശത്ത് തെരുവുനായ ശല്യം അതീവ രൂക്ഷമാണെന്നും പലതവണ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. മുൻപും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ സമാനമായ രീതിയിൽ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതായി പ്രദേശവാസികൾ.
അക്രമകാരിയായ നായയെ ഉടൻ പിടികൂടണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
