ആവേശകരമായ പ്രകടനം; തിരൂരങ്ങാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത് കോളാടി പത്രിക സമർപ്പിച്ചു
തിരൂരങ്ങാടി: മണ്ഡലത്തിൽ ആവേശം വിതറി തിരൂരങ്ങാടി നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത് കൊളാടി നാമനിർദേശ പത്രിക സമർപ്പിച്ചു.
പത്രികാ സമർപ്പണത്തിന് മുന്നോടിയായി തിരൂരങ്ങാടി ചന്തപ്പടിയിലെ മലബാർ കലാപ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാനാർത്ഥി എത്തി അഭിവാദ്യമർപ്പിച്ചു.
തുടർന്ന് 12 മണിയോടെ ചെമ്മാട് സി.പി.എം ഓഫീസ് പരിസരത്തുനിന്നും നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന ആവേശകരമായ പ്രകടനം ആരംഭിച്ചു. മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ പ്രകടനമായാണ് തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ എത്തിയത്.
ഉപ വരണാധികാരിയും തിരൂരങ്ങാടി തഹസിൽദാറുമായ ശ്രീകുമാർ മുമ്പാകെയാണ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചത്. ഇടതുപക്ഷ നേതാക്കളായ നിയാസ് പുളിക്കലകത്ത്, അഡ്വ. കെ.കെ സമദ്, തയ്യിൽ അലവി, സി. ഇബ്രാഹിംകുട്ടി, സി.പി. അബ്ദുൽ വഹാബ്, പാലക്കണ്ടി വേലായുധൻ, ഇരുമ്പൻ സൈതലവി, മലയിൽ പ്രഭാകരൻ, സി.പി. അബ്ദുല്ലത്തീഫ്, സലാം തച്ചറക്കൽ, കെ. മൊയ്തീൻകോയ, പി.വി. ഷംസുദ്ദീൻ, കെ. വി. ഗോപി, കെ.സി. നാസർ എന്നിവരും മുന്നണി പ്രവർത്തകരും സ്ഥാനാർത്ഥിയെ അനുഗമിച്ചു.
ചരിത്രസ്മരണകളിരമ്പുന്ന
മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരായ ജനവികാരം വോട്ടായി മാറുമെന്നും മികച്ച വിജയം പ്രതീക്ഷിക്കുന്നതായും പത്രികാ സമർപ്പണത്തിന് ശേഷം സ്ഥാനാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു.
പത്രികാ സമർപ്പണത്തോടെ മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പൊതുപരിപാടികളുമായി സ്ഥാനാർത്ഥി വോട്ടർമാരിലേക്ക് എത്തും.
