NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പള്ളികളിലും ഈദ്ഗാഹുകളിലും പ്രാർത്ഥനാ നിർഭരം; ലോകത്തിന് സമാധാനത്തിൻ്റെ സന്ദേശം പകർന്ന് ചെറിയ പെരുന്നാൾ..!

ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് വിരാമമിട്ട് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കുന്നു.

റംസാൻ 29 പൂർത്തിയാക്കി ശവ്വാലമ്പിളി ദൃശ്യമായതോടെയാണ് ജില്ലയിലെങ്ങും ഈദ് ആഘോഷങ്ങൾ തുടങ്ങിയത്.

അതിരാവിലെ തന്നെ പള്ളികളിലും പ്രത്യേകം സജ്ജമാക്കിയ ഈദ്ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്കാരങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു. ക്ഷമയും സഹനവും കാരുണ്യവും മുഖമുദ്രയാക്കിയ വ്രതകാലം നൽകിയ ആത്മീയ ഊർജ്ജവുമായാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്.

ഇല്ലാത്തവൻ്റെ വിശപ്പറിഞ്ഞും സക്കാത്ത് നൽകി സമ്പത്ത് ശുദ്ധീകരിച്ചും പിന്നിട്ട ദിനങ്ങളുടെ പൂർത്തീകരണമാണ് ഈ ആഘോഷം. പ്രാർത്ഥനകൾക്ക് ശേഷം പരസ്പരം ആലിംഗനം ചെയ്തും സ്നേഹം പങ്കുവെച്ചും വിശ്വാസികൾ ഈദ് ആശംസകൾ കൈമാറി.

 

പുതുവസ്ത്രങ്ങളണിഞ്ഞും കൈകളിൽ മൈലാഞ്ചിച്ചോപ്പണിഞ്ഞും വീടുകളിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വീകരിച്ചും ആഘോഷം സജീവമായി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കായുള്ള പ്രത്യേക പ്രാർത്ഥനകളും ഐക്യദാർഢ്യവും ഈ വർഷത്തെ പെരുന്നാൾ സന്ദേശങ്ങളിൽ നിറഞ്ഞുനിന്നു. വരും ദിവസങ്ങളിൽ സ്നേഹസംഗമങ്ങളും വിരുന്നുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടരും.

Leave a Reply

Your email address will not be published. Required fields are marked *