NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഉക്രൈനില്‍ നിന്ന് എത്തുന്നവര്‍ക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കും; മെഡിക്കല്‍ കോളജുകള്‍ സജ്ജമെന്ന് ആരോഗ്യമന്ത്രി

ഉക്രൈനില്‍ നിന്ന് വരുന്നവര്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ വിദഗ്ധ സേവനം ലഭ്യമാക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുദ്ധസാഹചര്യത്തില്‍ നിന്ന് വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനായി എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തുന്നവരുമായി ബന്ധപ്പെട്ട കോളുകള്‍ ഏകോപിപ്പിക്കാന്‍ മെഡിക്കല്‍ കോളജുകളിലെ കണ്‍ട്രോള്‍ റൂമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ഈ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടേണ്ടതാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് ഐ.സി.യുവിലും നോണ്‍ കോവിഡ് ഐ.സി.യുവിലും പേ വാര്‍ഡുകളിലും ഇവര്‍ക്കായി കിടക്കകള്‍ മാറ്റിവെക്കും. അടിയന്തര സാഹചര്യമുണ്ടായാല്‍ അത് നേരിടാന്‍ ട്രയേജ് ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ക്കും കാഷ്വാലിറ്റി ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ക്കും മുന്നറിയിപ്പ് നല്‍കും. സഹായത്തിനായി പ്രത്യേക സ്റ്റാഫ് നഴ്സിനെ നിയോഗിക്കും. ആംബുലന്‍സ് ക്രമീകരിക്കും എന്നും മന്ത്രി പറഞ്ഞു.

ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പരിശോധിക്കും. കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കും. കൗണ്‍സിലിംഗിനായി ദിശ 104, 1056 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും മടങ്ങിയെത്തുന്നവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്കും നേരിട്ടെത്തുന്നവര്‍ക്കും മെഡിക്കല്‍ കോളേജുകള്‍ വഴി ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *