NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വ്യാജ വായ്പാ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും; തെന്നല സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും ഡയറക്ടർമാരുമടക്കം നേതാക്കളുടെ വീടുകളിൽ ഇ.ഡി പരിശോധന..!

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന. മലപ്പുറം, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്.

ബാങ്ക് ഓഫീസുകളിലും മുൻ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വീടുകളിലുമാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഇ.ഡി നൽകുന്ന സൂചന.

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി തെന്നല സഹകരണ ബാങ്കിന്റെ മുൻ ഭരണസമിതി അംഗങ്ങളുടെ വീടുകളിലാണ് ഇ.ഡി സംഘം പരിശോധന നടത്തുന്നത്. മുൻ ബാങ്ക് പ്രസിഡന്റ് എം.പി. കുഞ്ഞിമൊയ്തീൻ, മുൻ ഡയറക്ടർമാരായ വി.പി. അലി, എൻ.എം. സൈതാലവി, മുൻ വനിതാ ഡയറക്ടർ സാജിദ, ജയൻ, മുൻ ജീവനക്കാരൻ അഫ്സൽ അമീൻ എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ മുതൽ റെയ്ഡ് ആരംഭിച്ചത്.

മുസ്ലിം ലീഗ് ഭരണസമിതി ഭരിച്ചിരുന്ന തെന്നല ബാങ്കിൽ വ്യാജ അംഗത്വങ്ങൾ സൃഷ്ടിച്ച് വൻതോതിൽ അഴിമതിയും വ്യാജ വായ്പ വിതരണവും നടന്നതായി ആരോപണമുയർന്നിരുന്നു. അനാവശ്യമായി അനുവദിച്ച വായ്പകൾ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് തങ്ങളുടെ പണം തിരികെ ലഭിക്കാത്ത സാഹചര്യമുണ്ടായി.

ഇതിനെതിരെ നിക്ഷേപക കൂട്ടായ്മകൾ വലിയ രീതിയിലുള്ള പ്രതിഷേധ സമരങ്ങളും നടത്തിവരികയായിരുന്നു. ഈ ഘട്ടത്തിലാണ് ക്രമക്കേടുകളിൽ ഇ.ഡി നേരിട്ട് അന്വേഷണത്തിലേക്ക് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!