NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബോർഡ് കോർപ്പറേഷൻ വിഭജനം: യുഡിഎഫിൽ ധാരണയായി; ലീഗിന് ഇരുപതും കേരള കോൺഗ്രസിന് ഏഴും സ്ഥാനങ്ങൾ

 

ബോർഡ് -കോർപറേഷൻ വിഭജനത്തിൽ യുഡിഎഫിൽ ധാരണയായി. മുസ്‌ലിം ലീഗിന് ഇരുപതും കേരള കോൺഗ്രസിന് ഏഴും ആർഎസ്പിക്ക് മൂന്നും മറ്റുളളവർക്ക് ഓരോ അധ്യക്ഷ സ്ഥാനവും നൽകും. കേരള കോൺഗ്രസിന് ക്യാബിനറ്റ് പദവി നൽകാനും തീരുമാനം. മാണി സി.കാപ്പന് നോർക്ക വൈസ് ചെയർമാൻ പദവിയും നൽകും.

പട്ടിക മുഖ്യമന്ത്രി ഇന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് കൈമാറും. വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ക്യാബിനറ്റ് പദവികൾക്ക് അനുമതി നൽകും.അടൂർ പ്രകാശ് ഉയർത്തിവിട്ട ആരോപണങ്ങൾക്കും ഘടകകക്ഷികളുടെ അതൃപ്തികൾക്കും ഇടയിലാണ് ബോർഡ് കോർപ്പറേഷൻ വിഭജനത്തിന് പൊടുന്നെനെ ജീവൻ വെക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ തിരക്കിട്ട ചർച്ചകളാണ് നടന്നത്. ഇന്നലെ ഉച്ചക്ക് മുമ്പ് ഏതാണ്ട് പന്ത്രണ്ടരയോടുകൂടി കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള ചർച്ച നടന്നു. മന്ത്രി മോൻസ് ജോസഫ് ആണ് ചർച്ചയിൽ പങ്കെടുത്തത്. ഷിബു ബേബി ജോണുമായി ഫോണിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. മറ്റു ഘടകക്ഷി നേതാക്കളുമായെല്ലാം ഫോണിൽ സംസാരിച്ചു.

അങ്ങനെ ഇന്നലെ ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി തിരക്കിട്ട് ബോർഡ് കോർപ്പറേഷൻ വിഭജനം പൂർത്തിയാക്കുകയായിരുന്നു.ലീഗുമായിട്ടുള്ള ചർച്ചകളും ബോർഡ് കോർപ്പറേഷൻ വിഭജനവും ഒക്കെ ഏതാണ്ട് നേരത്തെ തന്നെ പൂർത്തിയായിരുന്നു. കഴിഞ്ഞ ആഴ്ച തന്നെ അക്കാര്യത്തിൽ ധാരണയായതാണ്. 20 പ്ലസ് ഒന്ന് എന്നാണ് ലീഗിന്റെ മുന്നിൽ വെച്ചിട്ടുണ്ടായിരുന്ന നിർദേശം. അതായത് 20 ബോർഡ് കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങളും ഒരു ക്യാബിനറ്റ് പദവിയും. കേരള കോൺഗ്രസിന് ഏഴ് ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളും ഒരു ക്യാബിനറ്റ് പദവിയും. എന്നാൽ ക്യാബിനറ്റ് പദവി ഏതാണ് എന്നത് സംബന്ധിച്ച് ഇപ്പോഴും ചെറിയ അനിശ്ചിതത്വം ബാക്കി നിൽക്കുന്നുണ്ട്. എന്തായാലും കേരള കോൺഗ്രസ് ജോസഫ് ചെയർമാൻ പി.ജെ ജോസഫിന് ക്യാബിനറ്റ് പദവി നൽകാനുള്ള തീരുമാനം ഇന്നലത്തെ ഉഭയകക്ഷി ചർച്ചയിൽ അന്തിമമായി എടുത്തിട്ടുണ്ട്. വയോജന കമ്മീഷന്റെ ചെയർമാൻ സ്ഥാനം ക്യാബിനറ്റ് പദവിയോടെ വേണമെന്ന ആവശ്യമാണ് കേരള കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്. ആർഎസ്പിക്ക് മൂന്ന് ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് നൽകുക. ബാക്കിയുള്ളവർക്ക് ഓരോ എംഎൽഎമാർ വീതമാണ് ഉള്ളത്.

അതുകൊണ്ട് അവർക്കൊക്കെ ഓരോ ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകും.അസോസിയേറ്റ് മെമ്പർഷിപ്പിലുള്ള പി.വി അൻവറിനെ പോലുള്ളവരെ കൂടി ചർച്ചക്ക് വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തി നേരിട്ട് കാണാനാണ് അൻവറിനോട് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. മറ്റ് അസോസിയേറ്റ് അംഗങ്ങൾക്കും ഇതേ നിർദേശം തന്നെയാണ് നൽകിയിരിക്കുന്നത്.

മാണി സി.കാപ്പന് നോർക്കയുടെ വൈസ് ചെയർ സ്ഥാനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ക്യാബിനറ്റ് പദവി വേണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പി.ശ്രീരാമകൃഷ്ണനും അനിൽ കുമാറും വഹിച്ചുവന്നിരുന്ന പദവിയാണിത്. അതിന് ക്യാബിനറ്റ് പദവി നൽകുക സാധ്യമല്ല എന്നാണ് മുന്നണിക്കുള്ളിലെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!