പരപ്പനങ്ങാടിയിൽ 83 കുപ്പി അനധികൃത മദ്യം പിടികൂടി; വള്ളിക്കുന്ന് സ്വദേശി അറസ്റ്റിൽ
പരപ്പനങ്ങാടി : ബീവറേജസ് അവധി ദിനങ്ങൾ മുന്നിൽക്കണ്ട് വൻതോതിൽ അനധികൃത മദ്യക്കച്ചവടം നടത്തിവന്നയാൾ 41.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിൽ. അരിയല്ലൂർ ബുർജ് ബസാർ കൊരങ്ങാട്ട് പ്രശാന്ത് (48) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് സമീപം ബുർജ് ബസാറിലെ വീടിനുള്ളിലും റെയിൽവേ സ്റ്റേഷൻ പരിസരത്തുമായി ബൈക്കിലും മറ്റും അനധികൃത മദ്യക്കച്ചവടം നടത്തിവരികയായിരുന്നു ഇയാൾ.
ബുധൻ, വ്യാഴം ദിവസങ്ങളിൽ ബീവറേജസ് ഔട്ട്‌ലെറ്റുകൾക്ക് അവധിയായതിനാൽ, അമിതവിലയ്ക്ക് വിൽക്കാനായി വൻതോതിൽ മദ്യം വാങ്ങി സ്റ്റോക്ക് ചെയ്യുകയായിരുന്നു ഇയാൾ.
സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പരപ്പനങ്ങാടി എസ്.ഐ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ 500 മില്ലി ലിറ്ററിന്റെ 83 കുപ്പികളിലായി 41.50 ലിറ്റർ വിദേശമദ്യമാണ് പോലീസ് പിടിച്ചെടുത്തത്.
മുൻപും സമാനമായ രീതിയിൽ അനധികൃത മദ്യക്കച്ചവടം നടത്തിയതിന് രണ്ട് തവണ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി തിരൂർ സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി എസ്.ഐ. ജയപ്രകാശിനൊപ്പം എ.എസ്.ഐ. സുധ, സി.പി.ഒ. അക്ബറലി, എസ്.സി.പി.ഒ.മാരായ സാൻസോമൻ, അജീഷ്, ജയേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
