വാഹനത്തിന് പിഴയടയ്ക്കാനുണ്ടെന്ന വ്യാജസന്ദേശത്തിലെ ലിങ്കിൽ കയറി; കൊണ്ടോട്ടി സ്വദേശിക്ക് 3,89,496 രൂപ നഷ്ടപ്പെട്ടു
കൊണ്ടോട്ടി: വാഹനത്തിന് പിഴ അടയ്ക്കാനുണ്ടെന്നു സൂചിപ്പിച്ച് ഫോണിൽ വന്ന മെസേജിൽ പറഞ്ഞപ്രകാരം ചെയ്ത കൊണ്ടോട്ടി സ്വദേശിക്ക് 3,89,496 രൂപ നഷ്ടപ്പെട്ടു. നമ്പോലൻകുന്ന് സ്വദേശിയായ നാൽപ്പത്തൊന്നുകാരനാണ് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടത്.
കഴിഞ്ഞ എട്ടിന് ഉച്ചയ്ക്കാണ് വാഹനത്തിന് ഫൈൻ അടയ്ക്കാനുണ്ടെന്ന സന്ദേശം ഫോണിൽ എത്തിയത്. അതിൽ ഓൺലൈനായി പിഴയടയ്ക്കാനുള്ള ലിങ്കും ഉണ്ടായിരുന്നു. ലിങ്കിൽ കയറി പരിശോധിച്ചതോടെ ‘പരിവാഹൻ ആപ്പ്’ തുറന്നു.
അതിൽ വാഹനത്തിന്റെ നമ്പർ നൽകാൻ ആവശ്യപ്പെട്ടു. വാഹനത്തിന്റെ നമ്പർ നൽകിയപ്പോൾ ബാങ്ക് അക്കൗണ്ടിൽനിന്ന് 10 തവണകളായി 3,89,496 രൂപ നഷ്ടപ്പെടുകയായിരുന്നു.
സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
