വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്; മലപ്പുറം ജില്ലയിൽ യെല്ലോ അലർട്ട്; കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്…!
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം അടക്കം വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കനത്ത മഴ സാധ്യത മുന്നിൽക്കണ്ട് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്. നാളെ എട്ട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ തെക്കൻ ജില്ലകളിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ ജില്ലകളിലുമാണ് നാളെ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
അതേസമയം, മോശം കാലാവസ്ഥയ്ക്കും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തി.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
