NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചാലിയം–ബേപ്പൂർ ജങ്കാർ സർവീസ് പുനരാരംഭിച്ചില്ല; പ്രതിഷേധം വ്യാപകം

ചാലിയം–ബേപ്പൂർ കടവിൽ രണ്ടാഴ്ച മുൻപ് മുടങ്ങിയ ജങ്കാർ സർവീസ് പുനരാരംഭിക്കാൻ നടപടി നീളുന്നതിൽ വ്യാപക പ്രതിഷേധം. സർവീസ് ഇല്ലാത്തതിനാൽ ഇരു കരകളിലുമുള്ള നൂറു കണക്കിനു യാത്രക്കാർ വലയുകയാണ്.

ചാലിയം, ബേപ്പൂർ സ്കൂളുകളിലേക്കുള്ള വിദ്യാർഥികളും ഹാർബറിലേക്കുള്ള മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ കിലോമീറ്ററുകൾ ചുറ്റി വളഞ്ഞാണ് യാത്ര. 10 മിനിറ്റ് യാത്രയ്ക്ക് അര മണിക്കൂർ സഞ്ചരിക്കേണ്ട ഗതികേടിലാണ് ജനം.

ചെറുവണ്ണൂരിൽ മേൽപാലത്തിൽ ഗർഡറുകൾ സ്ഥാപിക്കാൻ ഗതാഗതനിരോധനം ഏർപ്പെടുത്തിയതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി. ചെറുവണ്ണൂർ വഴിയുള്ള യാത്ര സാധ്യമല്ലാത്തതിനാൽ ഏറെ ദൂരം സഞ്ചരിച്ച് വാഹനങ്ങളുമായി ബേപ്പൂർ കടവിൽ എത്തുന്നവർ നിരാശയോടെ തിരിച്ചു പോകുകയാണ്. ബേപ്പൂരിൽ നിന്നുള്ള യാത്രക്കാർക്ക് ബിസി റോഡ്, മധുരബസാർ, മറീന കൺവൻഷൻ സെന്റർ വഴി ഫറോക്ക് മല്ലിക തിയറ്ററിനു സമീപത്തെത്തുന്ന വഴി മാത്രമേ പെട്ടെന്നുള്ള യാത്ര സാധ്യമാകൂ.

വലിയ വാഹനങ്ങൾ വട്ടക്കിണർ, അരീക്കാട്, കുന്നത്തുപാലം, പന്തീരാങ്കാവ് ദേശീയപാത വഴി അഴിഞ്ഞിലത്ത് എത്തി വേണം ചാലിയം ഭാഗത്തേക്കു പോകാൻ.

തുറമുഖ അധികൃതർ നടത്തിയ സുരക്ഷാ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയതോടെ പോർട്ട് ഓഫിസറുടെ ഉത്തരവിനെ തുടർന്ന് കഴിഞ്ഞ 11നാണു ജങ്കാർ സർവീസ് നിർത്തിവച്ചത്.

ഇക്കാര്യം കടത്ത് സർവീസ് ചുമതലയുള്ള കടലുണ്ടി പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തു. എന്നാൽ ജങ്കാർ അറ്റകുറ്റപ്പണികൾ നടത്തി സർവീസ് പുനരാരംഭിക്കാൻ നാളിതുവരെ നടപടിയുണ്ടായില്ല.

ഇതാണ് യാത്രക്കാരെ വട്ടം ചുറ്റിക്കുന്നത്. കടവിൽ താൽക്കാലികമായി ചെറിയ സ്പീഡ് ബോട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്ര സുരക്ഷിതമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!