ജില്ലാ സിവിൽ സർവീസസ് കായികമേള: കെ.ടി. വിനോദിന് ഇരട്ട സ്വർണം; 800 മീറ്ററിൽ അപൂർവ്വ ഹാട്രിക് നേട്ടം
മലപ്പുറം : ജില്ലാ സിവിൽ സർവീസസ് കായികമേളയിൽ പരപ്പനങ്ങാടി സ്വദേശി കെ.ടി. വിനോദിന് ഇരട്ട സ്വർണം. കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരങ്ങളിൽ, 40 വയസ്സിനു മുകളിലുള്ളവരുടെ (40+) വിഭാഗത്തിൽ 400 മീറ്ററിലും 800 മീറ്ററിലുമാണ് വിനോദ് സ്വർണമെഡലുകൾ സ്വന്തമാക്കിയത്.
വിശേഷണങ്ങൾക്കതീതമാണ് വിനോദിന്റെ 800 മീറ്റർ പ്രകടനം. ഈ ഇനത്തിൽ തുടർച്ചയായി എട്ടാം തവണയാണ് വിനോദ് ജില്ലാ സിവിൽ സർവീസസ് കായികമേളയിൽ സ്വർണപ്പകിട്ടണിയുന്നത്. കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ നേട്ടം. നിലവിൽ മഞ്ചേരി സഹകരണ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ സീനിയർ ഓഡിറ്ററാണ്. മുൻ കേരള പോലീസ് ഫുട്ബോൾ താരവുംകൂടിയായ അദ്ദേഹം,
നിലവിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്. ജില്ലാ മീറ്റിലെ മിന്നുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സിവിൽ സർവീസസ് കായികമേളയിലേക്കും വിനോദ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. കായികരംഗത്ത് മാതൃകാപരമായ നേട്ടം കൈവരിച്ച കെ.ടി. വിനോദിന് സഹപ്രവർത്തകരും സുഹൃത്തുക്കളും വിവിധ കായിക സംഘടനകളും അഭിനന്ദിച്ചു.
