NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘വടകര എംഡിഎംഎ കേസിൽ മൂന്നാമത്തെ അധ്യാപികയും അറസ്റ്റിൽ; ഇടപാടുകൾ ഇൻസ്റ്റഗ്രാം വഴി

 

കോഴിക്കോട് : എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിലായി. പേരമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ഐടി സംഘം പ്രതിയെ പിടികൂടിയത്.

നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഹരി വിൽപ്പന നടത്തിയ പണം എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സുഹൃത്തുക്കളായ ഇവർ മൂന്നുപേരും എംഡിഎംഎ ഉപയോഗിച്ചിരുന്നതായും വ്യക്തമായി. ഇൻസ്റ്റഗ്രാം വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.

 

കൂടുതൽ അധ്യാപകർക്കു പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണു തീരുമാനം. വടകര ഇൻസ്പെക്ടർ എ.വി.ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 2 അധ്യാപികമാർ അറസ്റ്റിലായത്. ഇവരുടെ ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് നീഷ്മ അറസ്റ്റിലായത്. കഴിഞ്ഞ മാസം 28ന് സഫ്‌വാൻ എന്ന യുവാവ് എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇയാളുടെ മൊഴി അനുസരിച്ചാണ് കീർത്തന അറസ്റ്റിലായത്. പിന്നാലെ കാവ്യ അറസ്റ്റിലായി.

 

സാധാരണ ലഹരി കേസിനപ്പുറം ഈ സംഭവത്തിൽ വലിയൊരു ശൃംഖലയുണ്ടെന്നു പൊലീസിനു സംശയമുണ്ട്. കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യയെ വിദ്യാഭ്യാസ വകുപ്പ് ഇന്നലെ പുറത്താക്കിയിരുന്നു. പേരാമ്പ്ര ബിആർസിയിൽ സ്പെഷൽ എജ്യുക്കേറ്ററായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന കാവ്യയുടെ അക്കൗണ്ടിലേക്ക് മുൻപ് അറസ്റ്റിലായ കീർത്തനയുടെ ലഹരി പണമിടപാടുകൾ നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണു കാവ്യയെയും അറസ്റ്റ് ചെയ്തത്. മരുതോങ്കര സ്വദേശി കീർത്തനയെയും കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.

 

എംഡിഎംഎ കേസിൽ അറസ്റ്റിലായ എസ്എസ്കെ സ്പെഷൽ എജ്യുക്കേറ്റർ കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്നെന്ന് പേരാമ്പ്ര ബിആർസി പ്രോജക്ട് ഓഫിസർ ഷാജിമ പറഞ്ഞു. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് സൂംബ പരിശീലനം നൽകാൻ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് പദ്ധതിയുണ്ടായിരുന്നു. ഇതിൽ ക്ലാസെടുത്തത് കായികാധ്യാപികയായ കീർത്തനയാണ്. കീർത്തന അറസ്റ്റിലായെങ്കിലും കാവ്യ ജോലിക്ക് എത്തിയിരുന്നു.

 

ഇരുവരും ഒന്നിച്ചാണു യാത്ര. ഒന്നിച്ചാണു യോഗങ്ങൾക്ക് എത്തിയത്. കീർ‍ത്തന അറസ്റ്റിലായപ്പോൾ കാവ്യയെ നേരിട്ടു വിളിപ്പിച്ചു ചോദ്യം ചെയ്തിരുന്നു. ലഹരി ഇടപാടുകളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ, കീർത്തനയുമായി സൗഹൃദം മാത്രമേയുള്ളൂവെന്നും ലഹരി ഇടപാടിൽ പങ്കില്ലെന്നും കാവ്യ പറഞ്ഞെന്നും ഷാജിമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!