ബിജെപിക്ക് തിരിച്ചടി; 20 തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി
കൊച്ചി : ദേവിദേവൻമാരുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാണെന്ന് ഹൈക്കോടതി. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ മൂന്നാം ഷെഡ്യൂൾ പ്രകാരം ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ആണ് ചെയ്യേണ്ടത്. ഇതിൽനിന്നു വ്യത്യസ്തമായിട്ടുള്ള സത്യപ്രതിജ്ഞ അസാധുവാണെന്നു ചൂണ്ടിക്കാട്ടി കോർപറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. നാലാഴ്ചയ്ക്കുള്ളിൽ ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം.
അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി പഞ്ചായത്തിലെ മെമ്പർ സുനിൽ ചുവട്ടുപാടം ചെയ്ത സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി. 21ാം വാർഡ് ആയ പന്നിയങ്കരയിലെ മെമ്പറാണ് സുനിൽ ചുവട്ടുപാടം. ‘ഈശ്വരന്റെ അനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്താൽ’ ആയിരുന്നു സുനിലിന്റെ സത്യപ്രതിജ്ഞ.
1994ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്‌ഷൻ 143 പ്രകാരം മുനിസിപ്പാലിറ്റി കൗൺസിലർമാർ തങ്ങളുടെ ഓഫിസ് ചുമതലകൾ ഏറ്റെടുക്കുന്നതിന് മുൻപായി ചെയ്യുന്ന സത്യപ്രതിജ്ഞ മൂന്നാം ഷെഡ്യൂള്‍ പ്രകാരം ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘ദൃഢപ്രതിജ്ഞ’ എന്ന രീതിയിലായിരിക്കണം ചെയ്യേണ്ടത്. എന്നാൽ ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത് ‘ഗുരുദേവ നാമത്തിൽ’, ‘ഉദയന്നൂർ ദേവിയുടെ നാമത്തിൽ’, ‘ഭഗവത് നാമത്തിൽ’, ‘കാവിലമ്മയുടെ നാമത്തിൽ’, ‘ശ്രീ പത്മനാഭസ്വാമിയുടെ നാമത്തിൽ’, ‘ഭാരതാംബയുടെ നാമത്തിൽ’ തുടങ്ങിയ രൂപങ്ങളിലാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ ഈ സത്യപ്രതിജ്ഞകൾ അസാധുവാണെന്നാണ് ഹർജിക്കാരൻ വാദിച്ചത്.
ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയത് സിപിഎമ്മാണ്. 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ കലക്ടര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കിയിരുന്നു. ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറി വി.ജോയിയും എസ്.പി.ദീപക്കുമാണ് പരാതി നല്‍കിയത്. കോടതിലും പരാതി നൽകി.
ആര്‍. സുഗതന്‍, കരമന അജിത്, ആര്‍.സി.ബീന, പി.സരിത, ദീപ എസ്.നായര്‍ തുടങ്ങിയ ബിജെപി അംഗങ്ങള്‍ ശ്രീപത്മനാഭസ്വാമിയുടെ നാമത്തിലാണ് പ്രതിജ്ഞ ചെയ്തത്. ‘ബലിദാനികള്‍ അമരന്മാര്‍’ എന്നു പറഞ്ഞാണ് വലിയവിള കൗണ്‍സിലര്‍ വി.ജി. ഗിരികുമാര്‍ പ്രതിജ്ഞ അവസാനിപ്പിച്ചത്. കുന്നുകുഴി കൗണ്‍സിലര്‍ എ.മേരി പുഷ്പവും കരുമം കൗണ്‍സിലര്‍ ജി.എസ്. ആശാനാഥും ‘സ്വാമിയേ ശരണമയ്യപ്പാ…’ ചൊല്ലി സത്യപ്രതിജ്ഞ അവസാനിപ്പിച്ചു. ഗുരുദേവന്‍, ശ്രീകണ്‌ഠേശ്വരം മഹാദേവന്‍, ഇരുംകുളങ്ങര ദുര്‍ഗാ ഭഗവതി ദേവി, ഉദിയന്നൂര്‍ ദേവി തുടങ്ങിയ ദേവ പ്രതിഷ്ഠകളുടെ പേരിലും കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു.
ദൈവനാമത്തില്‍ എന്നല്ലാതെ ദൈവങ്ങളുടെയും പേര് പറയാന്‍ ചട്ടപ്രകാരം കഴിയില്ലെന്നും ആ സാഹചര്യത്തില്‍ ഇവരുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്നുമാണ് പരാതിയിലുണ്ടായിരുന്നത്. സത്യവാചകത്തില്‍ ഇല്ലാത്ത പേരുകള്‍ പറഞ്ഞുള്ള സത്യപ്രതിജ്ഞ നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേരളാ മുനിസിപ്പാലിറ്റി നിയമത്തിലെ 531-ാം വകുപ്പ് പ്രകാരമുള്ള ഇളവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ബിജെപി കൗണ്‍സിലര്‍മാര്‍ക്കു നല്‍കിയിട്ടുണ്ട്. 531-ാം വകുപ്പ് പ്രകാരം കൗണ്‍സിലര്‍മാരുടെ തിരഞ്ഞെടുപ്പും നിയമനവും പിന്നീട് നിയമപരമായി ചോദ്യം ചെയ്യപ്പെട്ടാലും അതുവരെയുള്ള ഭരണപരമായ നടപടികളുടെ നിയമസാധുതയെ അതു ബാധിക്കില്ല. അതുകൊണ്ടു തന്നെ മേയര്‍ തിരഞ്ഞെടുപ്പിനെ ഇതു ബാധിക്കില്ലെന്നാണ് സൂചന. അതേസമയം, 531–ാം വകുപ്പ് ഇതില്‍ ബാധകമാകുമെന്നു കരുതുന്നില്ലെന്നും വിധി പഠിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പരാതിക്കാരനായ സിപിഎം നേതാവ് എസ്.പി.ദീപക് പറഞ്ഞു.
