വർഷംതോറും മൂന്ന് മീറ്ററോളം ജലനിരപ്പ് താഴുന്നു; ജില്ലയിൽ 74,838 കുഴൽക്കിണറുകൾ; അനിയന്ത്രിതമായ ജലചൂഷണം തടയാൻ നടപടി വരുന്നു..!
മലപ്പുറം ജില്ലയിലെ ഭൂഗർഭ ജലവിതാനം ആശങ്കാജനകമായ രീതിയിൽ കുറയുന്നതായി റിപ്പോർട്ട്. ജലവകുപ്പ് നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ നടത്തിയ ആദ്യഘട്ട കണക്കെടുപ്പിൽ ജില്ലയിൽ മാത്രം 74,838 കുഴൽക്കിണറുകൾ ഉള്ളതായി കണ്ടെത്തി.
14 ബ്ലോക്ക് പഞ്ചായത്തുകളിലായി നടത്തിയ സർവ്വേയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ 93 ബ്ലോക്ക് പഞ്ചായത്തുകളിൽ സർവ്വേ പൂർത്തിയായപ്പോൾ ആകെ 5,12,2424 കുഴൽക്കിണറുകളാണ് സംസ്ഥാനത്തൊട്ടാകെ കണ്ടെത്തിയിട്ടുള്ളത്.
മഴയുടെ കുറവും അനിയന്ത്രിതമായ ചൂടും മൂലം പ്രതിവർഷം ശരാശരി മൂന്ന് മീറ്ററോളം ജലനിരപ്പ് താഴുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കുഴൽക്കിണറുകളുടെ എണ്ണം, ആഴം, ജലലഭ്യത എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ മുൻപ് സർക്കാരിന്റെ പക്കൽ ലഭ്യമായിരുന്നില്ല.
നിലവിൽ തദ്ദേശ സെക്രട്ടറിമാരുടെ അനുമതിയോടെയും ഭൂജല വകുപ്പിന്റെ ക്ലിയറൻസോടെയും മാത്രമേ പുതിയ കുഴൽക്കിണറുകൾ നിർമ്മിക്കാൻ അനുവാദമുള്ളൂ. അപേക്ഷ നൽകിയ ശേഷം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി പത്രം നൽകുന്നത്. ജലസ്രോതസ്സുകൾ വറ്റുന്ന സാഹചര്യത്തിൽ ജലം അമിതമായി ഉപയോഗിക്കുന്ന വ്യവസായങ്ങൾക്കും അനധികൃത കുഴൽക്കിണർ നിർമ്മാണങ്ങൾക്കും എതിരെ സർക്കാർ കർശന പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
