സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം മൂന്നാം ഘട്ടത്തിലേക്ക്
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ നേതൃത്വത്തിൽ നഴ്സുമാർ നടത്തുന്ന രാപ്പകൽ സമരം മൂന്നാം ദിവസവും തുടരുന്നു. അരയിടത്തുപാലത്തിന് താഴെയാണ് നഴ്സുമാരുടെ പ്രതിഷേധം.
സിവിൽ സ്റ്റേഷന് മുന്നിൽ ആരംഭിച്ച സമരം കോടതി ഇടപെടലിനെത്തുടർന്ന് താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്ന് വീണ്ടും തുടങ്ങി. തിരഞ്ഞെടുപ്പ് നിയന്ത്രണങ്ങളെ തുടർന്ന് മാനാഞ്ചിറക്ക് സമീപം ഒത്തുകൂടി.
പിന്നീട് അതത് ആശുപത്രികൾക്ക് മുന്നിലും സമരം നടത്തി. രാപ്പകൽ സമരവുമായി മൂന്നാം ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് ജീവനക്കാർ പറയുന്നത്. മേയ്ത്ര, ആസ്റ്റർ മിംസ്, ബേബി മെമ്മോറിയൽ ആശുപത്രി എന്നിവിടങ്ങളിലെ നഴ്സുമാരാണ് സമരത്തിനിറങ്ങിയത്.
ചർച്ചയിൽ മാനേജ്മെൻ്റ് അനുകൂല തിരുമാനം എടുത്തതോടെ മിംസിലെ സമരം ശനിയാഴ്ച അവസാനിപ്പിച്ചു.
അവഗണിക്കുന്ന രീതിയിലാണ് മാനേജ്മെൻറ് മുന്നോട്ടുപോകുന്നതെന്നും അവരുടെ ഭാഗത്ത് നിന്ന് ഒരു സഹകരണവുമില്ലെന്നും നഴ്സുമാർ പറഞ്ഞു. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, ഷിഫ്റ്റ് ക്രമീകരണത്തിന് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നും അവർ പറഞ്ഞു.
സമരം ശക്തമായതോടെ ആശുപത്രികളുടെ പ്രവർത്തനത്തെ ഭാഗികമായി ബാധിച്ചു. ചിലയിടങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടി വന്നു. എന്നാൽ അടിയന്തര ശസ്ത്രക്രിയകളും അത്യാഹിത വിഭാഗങ്ങളും തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
