എം.കെ. ഹാജി ഹോസ്‌പിറ്റൽ മുപ്പതാം വാർഷികം : മെഗാ സർജറി ക്യാമ്പും മെഡിക്കൽ എക്‌സിബിഷനും ഞായറാഴ്ച
തിരൂരങ്ങാടി : കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആരോഗ്യമേഖലയിൽ സാധാരണക്കാരുടെത്തണലായി പ്രവർത്തിക്കുന്ന തിരൂരങ്ങാടി എം.കെ. ഹാജി ഓർഫനേജ് ഹോസ്‌പിറ്റലിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ മെഗാ സർജറി ക്യാമ്പും മെഡിക്കൽ എക്‌സിബിഷനും സംഘടിപ്പിക്കുന്നു.
ഏപ്രിൽ 12 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ ഹോസ്‌പിറ്റൽ അങ്കണത്തിലാണ് പരിപാടി നടക്കുക.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ രോഗികൾക്ക് പൂർണ്ണമായും സൗജന്യമായും, മറ്റുള്ളവർക്ക് പ്രത്യേക ഇളവുകളോടെയും ശസ്ത്രക്രിയകൾ ലഭ്യമാകും.
കാൻസർ, ജനറൽ സർജറി, ഓർത്തോപീഡിക്, ഗൈനക്കോളജി, ഇ.എൻ.ടി (ENT), തിമിരം, പീഡിയാട്രിക് സർജറികൾ. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയ്ക്ക് പ്രത്യേക സഹായം. വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷൻ, ഡിജിറ്റൽ മാമോഗ്രാം ഉൾപ്പെടെയുള്ള ആധുനിക ടെസ്റ്റുകൾ എന്നിവ ലഭിക്കും .
ഞായറാഴ്ച നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര ഐ.എ.എസ്. നിർവഹിക്കും. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഐ.സി.ഡി.എസ് (ICDS), സി.ഡി.എസ് (CDS) പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
ചികിത്സാ ക്യാമ്പിന് പുറമെ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അറിവ് പകരുന്ന മെഡിക്കൽ സെമിനാറുകളും മെഡിക്കൽ എക്‌സിബിഷനും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ, ഹോസ്‌പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. പി. അബ്ദുസ്സമദ്, ഹോസ്‌പിറ്റൽ സി.ഇ.ഒ. അഡ്വ. അഹമ്മദ് നിയാസ് സി.വി. എന്നിവർ പങ്കെടുത്തു.
