NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘മുഖ്യമന്ത്രിയാകണമെന്ന സതീശന്റെ ആഗ്രഹം നടക്കില്ല, വനവാസത്തിന് പോകുന്നതിന് എല്ലാ ആശംസകളും നേരുന്നു’; വനംവകുപ്പ് മന്ത്രി എന്ന നിലയില്‍ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കുമെന്ന് എകെ ശശീന്ദ്രന്‍

മുഖ്യമന്ത്രിയാകണമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആഗ്രഹം നടക്കില്ലെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെന്നും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വരുമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരത്തില്‍ വരുമെന്ന കാര്യം ഉറപ്പാണെന്നാണ് എകെ ശശീന്ദ്രന്‍ പറയുന്നത്. വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ ഇതിനോടകം തന്നെ എല്‍ഡിഎഫിന്റെ വിജയത്തിനായുള്ള ‘പച്ചക്കൊടി’ കാണിച്ചു കഴിഞ്ഞുവെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

 

യുഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വനവാസത്തിന് പോകുമെന്ന വെല്ലുവിളിയെ ശശീന്ദ്രന്‍ പരിഹസിച്ചു. ഇത് കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള കളിയാണെന്നാണ് എന്‍സിപി നേതാവ് പറഞ്ഞത്. മുഖ്യമന്ത്രിയാകണമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആഗ്രഹം നടക്കില്ലെന്നും വനവാസത്തിന് പോകുന്ന വി.ഡി. സതീശന് എല്ലാ ആശംസകളും നേരുന്നുവെന്നും ശശീന്ദ്രന്‍ പരിഹസിച്ചു.

വനംവകുപ്പ് മന്ത്രി എന്ന നിലയില്‍ വനവാസത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കുമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു. കെ. സുധാകരന്റെ ആഗ്രഹവും അതുതന്നെയല്ലേയെന്നും അദ്ദേഹം പരിഹസിച്ചു. ഈ ആഗ്രഹമെങ്കിലും നടക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 100-ലധികം സീറ്റുകള്‍ നേടുമെന്ന പ്രത്യാശയും വനംമന്ത്രിക്കുണ്ട്. എലത്തൂരില്‍ വിജയം ഉറപ്പാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തവണ ലഭിച്ച 11 സീറ്റുകളേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നാണ് ശശീന്ദ്രന്റെ കണക്കുകൂട്ടല്‍. പ്രത്യേകിച്ച് കൊടുവള്ളിയിലും വടകരയിലും ഇത്തവണ എല്‍.ഡി.എഫിന് മികച്ച ജയസാധ്യതയുണ്ടെന്നുള്ള നിരീക്ഷണവും വനംമന്ത്രിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!