NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

 വോയ്സ് കാളും എസ്.എം.എസും മാത്രമുള്ള കുറഞ്ഞ നിരക്ക് പ്ലാൻ നിർബന്ധമാക്കി ട്രായ്

രാജ്യത്ത് കുറഞ്ഞ നിരക്കിൽ വോയ്സ് കാൾ, എസ്എംഎസ് സേവനങ്ങൾ മാത്രം ഉൾക്കൊള്ളുന്ന മൊബൈൽ റീചാർജ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ്. രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാർ കുറഞ്ഞ നിരക്കിൽ വോയിസ്, എസ്‌എം‌എസ് സേവനങ്ങൾ മാത്രം ഉൾക്കൊള്ളുന്ന മൊബൈൽ റീചാർജ് പ്ലാനുകൾ നിർബന്ധമായും നൽകണമെന്ന് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ഉത്തരവ് പുറപ്പെടുവിച്ചു. നിലവിൽ ഡാറ്റ ഉൾപ്പെടുത്തിയ പ്ലാനുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ ഇത്തരം വോയിസ്‌ ഒൺലി പ്ലാനുകൾ ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭം ഉറപ്പാകും.

2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ടാണ് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ) ഈ തീരുമാനം നടപ്പിലാക്കിയത്. ഭേദഗതി പ്രകാരം, എല്ലാ ടെലികോം സേവനദാതാക്കളും വോയ്സ്, എസ്‌.എം‌.എസ് സേവനങ്ങൾ മാത്രം ഉൾപ്പെടുത്തിയ പ്രത്യേക താരിഫ് വൗച്ചറുകൾ നിർബന്ധമായും അവതരിപ്പിക്കണം.

 

ഈ വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ഇടപെടലാണ് നിർണ്ണായകമായത്. ഡാറ്റ സേവനങ്ങൾ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കും അതിനായി നിർബന്ധിതമായി പണം നൽകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉയർത്തിയത്. 2026 മാർച്ച് 11-ന് ലോക്സഭയിൽ വിഷയം ഉന്നയിച്ചപ്പോൾ, ടെലികോം സഹമന്ത്രി അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പു നൽകി മറുപടി നൽകിയിരുന്നു. തുടർന്ന് വിഷയത്തിൽ നടപടികൾ വേഗത്തിലാവുകയും, ഇതിന്റെ ഭാഗമായി ട്രായ് നിർദേശം പുറപ്പെടുവിക്കുകയുമായിരുന്നു.

 

രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും കുറഞ്ഞ വരുമാനക്കാർക്കും ഈ തീരുമാനം വലിയ ആശ്വാസമാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി തീരുമാനത്തോട് പ്രതികരിച്ചു. ഉപഭോക്തൃ അവകാശ സംരക്ഷണത്തിലും ടെലികോം സേവനങ്ങളിലെ സമത്വം ഉറപ്പാക്കുന്നതിലും നിർണായക മുന്നേറ്റമാണ് തന്റെ ഇടപെടലിലൂടെ യാഥാർഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!