പരപ്പനങ്ങാടി ഇൻസ്പെക്ടറെ ആക്രമിച്ച പ്രതി മംഗലാപുരത്ത് പിടിയിൽ ; രക്ഷപെടാൻ മതിൽ ചാടുന്നതിനിടെ കാലുകൾ ഒടിഞ്ഞു
പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോണിനെ ഗ്ലാസ് കഷ്ണം കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി. ചെട്ടിപ്പടി സ്വദേശി കാട്ടുങ്ങൽ വീട്ടിൽ സജേഷിനെ ആണ് മംഗലാപുരത്ത് വെച്ച് പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തത്.
പിടികൂടുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ രണ്ടു കാലുകൾക്കും ഒടിവുണ്ട്.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതി മംഗലാപുരത്താണ് ഒളിവിൽ കഴിഞ്ഞിരുന്നത്. അവിടെ വെച്ച് ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത പ്രതി പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവറുമായും നാട്ടുകാരുമായും തർക്കത്തിലേർപ്പെട്ടു.
വിവരം അറിഞ്ഞ് മംഗലാപുരം പോലീസ് സ്ഥലത്തെത്തുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വലിയൊരു മതിൽക്കെട്ട് ചാടുകയായിരുന്നുവെന്നും രക്ഷപെടാൻ മതിൽ ചാടുന്നതിനിടെ കാലുകൾ ഒടിഞ്ഞു വീഴ്ചയുടെ ആഘാതത്തിൽ പ്രതിയുടെ രണ്ട് കാലുകളുടെയും എല്ലിന് പൊട്ടലേറ്റതായും
പോലീസ് പറഞ്ഞു.
പ്രതി മംഗലാപുരത്ത് കുടുങ്ങിയ വിവരം അറിഞ്ഞ ഉടൻ പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തെങ്കിലും, പരിക്കുകൾ ഗുരുതരമായതിനാൽ നിലവിൽ പോലീസ് കാവലിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് സജേഷ്.
ദിവസങ്ങൾക്കു മുമ്പാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോണിനെ സജേഷ് മാരകമായി ആക്രമിച്ചത്.
