വോട്ടർ പട്ടിക പുതുക്കൽ: സംസ്ഥാനത്ത് 122 മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായി; അന്തിമ പട്ടിക ഈ മാസം 21-ന്..!
കേരളത്തിലെ 122 നിയോജകമണ്ഡലങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിന്റെ ഭാഗമായുള്ള ഹിയറിങ് നടപടികൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയവരുടെ ഹിയറിങ്ങാണ് ഈ മണ്ഡലങ്ങളിൽ പൂർത്തിയായത്.
നോട്ടീസ് നൽകിയ എല്ലാവരെയും കൃത്യമായി ഹിയറിങ് നടത്തിയെന്നും ഒരു വോട്ടറുടെയും വോട്ടവകാശം നിഷേധിക്കാതെ വോട്ടർ പട്ടിക പരിഷ്ക്കരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകിയിട്ടുള്ളതെന്നും അദ്ദേഹം.
ഹിയറിങ് അവശേഷിക്കുന്ന ചുരുക്കം മണ്ഡലങ്ങളിൽ ഉടനെ തന്നെ നടപടികൾ പൂർത്തിയാക്കാൻ ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. താനൂർ, പേരാമ്പ്ര മണ്ഡലങ്ങളിൽ ഓരോന്ന് വീതവും തവനൂർ, ബാലുശ്ശേരി മണ്ഡലങ്ങളിൽ രണ്ട് വീതവുമാണ് ഇനി ഹിയറിങ് ബാക്കിയുള്ളത്. ജില്ലാ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കൊല്ലം ജില്ലയിൽ 0.02 ശതമാനവും മലപ്പുറത്ത് 0.06 ശതമാനവും മാത്രമാണ് പൂർത്തിയാകാനുള്ളത്.കോഴിക്കോട്, കണ്ണൂർ ജില്ലകളിലും നടപടികൾ അവസാന ഘട്ടത്തിലാണ്.
അതേസമയം, ഹിയറിങ് നടപടികളിലൂടെ ആകെ 39,297 പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്. ഇതിൽ 33,450 പേർ താമസം മാറിയവരും 4,217 പേർ മരണപ്പെട്ടവരുമാണ്. കൂടാതെ 1,630 പേർ വിദേശ പൗരത്വം സ്വീകരിച്ചതായും കണ്ടെത്തി. തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക ഈ മാസം 21-ന് പ്രസിദ്ധീകരിക്കും.
