NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിലെ 70 കുടുംബങ്ങളുടെ പട്ടയത്തിന് വഴിതെളിഞ്ഞു;  ഫിഷറീസ് വകുപ്പ് എൻ.ഒ.സി നൽകി.

നേരത്തെ ഫിഷറീസ് മന്ത്രി സജി ചെറിയാനുമായി എം.എൽ.എയും മറ്റു ജനപ്രതിനിധികളും നടത്തിയ കൂടിക്കാഴ്ച

പരപ്പനങ്ങാടി: തീരദേശത്തെ 70 കുടുംബങ്ങളുടെ ദീർഘകാലമായുള്ള പട്ടയ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. കെ.പി.എ. മജീദ് എം.എൽ.എയുടെ നിരന്തരമായ ഇടപെടലുകളെ ത്തുടർന്ന്, പരപ്പനങ്ങാടിയിൽ ഫിഷറീസ് വകുപ്പ് നിർമ്മിച്ചുനൽകിയ ഇരട്ടവീടുകൾ നിലനിൽക്കുന്ന ഭൂമിക്ക് എൻ.ഒ.സി നൽകിക്കൊണ്ട് ഉത്തരവിറങ്ങി.
ഇതോടെ ഈ കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിനുള്ള പ്രധാന തടസ്സം നീങ്ങി. 2023 ജനുവരി 9-ന് എം.എൽ.എയുടെ അധ്യക്ഷതയിൽ തിരൂരങ്ങാടി തഹസിൽദാറുടെ ചേമ്പറിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് പട്ടയ നടപടികൾക്ക് വേഗമേറിയത്. റവന്യൂ മന്ത്രി കെ. രാജനുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്ന് പ്രത്യേക യോഗം വിളിച്ചുചേർത്ത് പട്ടയം നൽകുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കാൻ നിർദ്ദേശം നൽകിയിരുന്നു.
ഇതിനിടെ ഫിഷറീസ് വകുപ്പിന്റെ എൻ.ഒ.സി ഇല്ലാത്തതിനാൽ  നടപടികൾ തടസ്സപ്പെട്ടു. തുടർന്ന് എം.എൽ.എ ഫിഷറീസ് മന്ത്രി സജി ചെറിയാനുമായി കൂടിക്കാഴ്ച നടത്തുകയും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഇപ്പോൾ എൻ.ഒ.സി അനുവദിച്ചു ഉത്തരവായത്.
വർഷങ്ങളായി സ്വന്തം വീടിന് രേഖകളില്ലാതെ ബുദ്ധിമുട്ടിയിരുന്ന തീരദേശത്തെ സാധാരണക്കാരായ കുടുംബങ്ങൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. ഉടൻ തന്നെ പട്ടയ വിതരണത്തിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ടവർ  അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *