കഫ് സിറപ്പ് ദുരന്തം: രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷ മരുന്നുകൾ നൽകരുതെന്ന് മുന്നറിയിപ്പ്..!
പ്രതീകാത്മക ചിത്രം
വ്യാജ കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച ദാരുണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഒരു കാരണവശാലും വിതരണം ചെയ്യരുതെന്ന് മന്ത്രാലയം.
പ്രാഥമിക പരിചരണത്തിനായി മരുന്നിതര രീതികൾ അവലംബിക്കണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം.
മരുന്നുകൾ നിർദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും ഈ നിർദ്ദേശങ്ങൾ എല്ലാ സംസ്ഥാനങ്ങളും കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പ്.
രണ്ടാഴ്ചയ്ക്കിടെ മധ്യപ്രദേശിൽ ഒൻപതും രാജസ്ഥാനിൽ രണ്ടും കുട്ടികളാണ് വ്യാജ കഫ് സിറപ്പ് കഴിച്ച് മരിച്ചത്. കിഡ്നി തകരാറിലായതാണ് മരണകാരണം. മധ്യപ്രദേശിലെ ചിന്ദ്വാഡയിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. നിലവിൽ 1400-ൽ അധികം പേർ നിരീക്ഷണത്തിലാണ്.
ഈ മരുന്നുകൾ നിർദേശിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും, ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം.
