NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോ​ഗിച്ച് ലഹരി വിൽപന; പെരിന്തൽമണ്ണയിൽ മൂന്ന് പേർ അറസ്റ്റിൽ

 

പെരിന്തൽമണ്ണ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രലോഭിപ്പിച്ച് ലഹരിക്കടത്ത് നടത്തുകയും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിപ്പിക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ് (34), ചെർപ്പുളശേരി കാളിയത്ത്പടി വിഷ്ണു(22), കാറൽമണ്ണ പുതുപഴനി അശ്വിൻ (20) എന്നിവരെയാണ് പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ
മൂന്ന് പേർക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പണം വാഗ്ദാനം ചെയ്തും കഞ്ചാവ് നൽകാമെന്നും ഒഡീഷയിലെ വിവിധ സ്ഥലങ്ങൾ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചുമാണ് ഇവർ കുട്ടികളെ കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.

 

പട്ടാമ്പിയിലെ വീട്ടിൽ വച്ചും ഒറീസയിൽ വച്ചും പ്രതികൾ കുട്ടികൾക്ക് കഞ്ചാവ് നൽകിയതായി അന്വേഷണത്തിൽ വ്യക്തമായി. 16-കാരനായ പരാതിക്കാരനെയും പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് സുഹൃത്തുക്കളെയും പ്രലോഭിപ്പിച്ച് ഒഡിഷയിൽ കൊണ്ടുപോയി കഞ്ചാവ് കടത്തിന് പ്രേരിപ്പിച്ചെന്നാണ് കേസ്. കഞ്ചാവ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചാൽ കുട്ടികൾക്ക് 25,000 രൂപയും ആവശ്യത്തിന് കഞ്ചാവും പ്രതികൾ വാഗ്ദാനംചെയ്തതായി പോലീസ് പറഞ്ഞു. ആലിപ്പറമ്പിലെ ബിടാത്തിയിൽ നിന്ന് ഒഡിഷയിലെ മുനിഗുഡയിലേക്കാണ് കുട്ടികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ട് പോയത്.

കഴിഞ്ഞ 24-നാണ് പരാതിക്കാരനായ കുട്ടി തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച് മൊഴിനൽകുന്നത്. തുടർന്നാണ് കേസ് രജിസ്റ്റർചെയ്തത്. ഒന്നാം പ്രതി ഷാനിഫിനായി കൂടുതൽ തിരച്ചിൽ നടത്തും. ഇയാളുടെ ഇടപാടുകളും സാമ്പത്തികസ്രോതസ്സുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കൗമാരക്കാരെ ലഹരിക്കടത്തിനായി പ്രലോഭിപ്പിച്ച് കൊണ്ടുപോയതിനാൽ മനുഷ്യക്കടത്തിനാണ് കേസെടുത്തത്.

രണ്ടാം പ്രതി മുഹമ്മദ് റാഷിദിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തു. മുഹമ്മദ് റാഷിദ്, മൂന്നാംപ്രതി വിഷ്ണു എന്നിവർ മുൻപും എൻഡിപിഎസ് കേസുകളിൽ ഉൾപ്പെട്ടതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *