കർക്കടകത്തിലും കനിയാതെ കാലവർഷം; ജില്ലയിൽ 27 ശതമാനം മഴക്കുറവ്, ഭൂഗർഭജലനിരപ്പ് താഴുന്നു; ആശങ്കയിൽ കർഷകർ..!
തിരിമുറിയാതെ പെയ്യേണ്ട കർക്കടക മാസത്തിലും മലപ്പുറം ജില്ലയിൽ മഴ കനിയുന്നില്ല. ജൂൺ ഒന്നിന് തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ജില്ലയിൽ ഇതുവരെ 748.8 മില്ലിലിറ്റർ മഴ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ കാലയളവിൽ സാധാരണയായി ലഭിക്കേണ്ട മഴയെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ കുറവാണ് ജില്ലയിലുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും പുതിയതായി പുറത്തുവന്ന ഔദ്യോഗിക കണക്കാണിത്.
അതേസമയം, ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന. സംസ്ഥാന വ്യാപകമായും ഇത്തവണ കാലവർഷത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ മൊത്തത്തിൽ 34 ശതമാനം മഴക്കുറവാണുള്ളത്. ഈ സമയത്ത് 1020.2 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 676.3 മില്ലീമീറ്റർ മാത്രമാണ് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത്. ജില്ലയിൽ സാധാരണ ലഭിക്കേണ്ട 1026.7 മില്ലീമീറ്റർ മഴയ്ക്ക് പകരം പെയ്ത കുറഞ്ഞ അളവ് കർഷകരെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.
മഴയുടെ ഗണ്യമായ കുറവ് മൂലം ഭൂഗർഭജലനിരപ്പ് താഴുന്നത് വരുംദിവസങ്ങളിൽ രൂക്ഷമായ കുടിവെള്ള പ്രതിസന്ധിക്കും ജലസ്രോതസ്സുകൾ വറ്റി വരണ്ട് കടുത്ത ജലക്ഷാമത്തിലേക്കും നയിച്ചേക്കാം.
മഴ കുറഞ്ഞത് ജില്ലയിലെ കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ട് ജില്ലയിൽ വ്യാപകമായി കൃഷി ചെയ്ത ഏത്തവാഴ, പച്ചക്കറി വിളകൾ എന്നിവയ്ക്ക് ആവശ്യമായ നനവ് ലഭിച്ചിട്ടില്ല. കടുത്ത ചൂട് കാരണം വാഴക്കുലകൾ മൂപ്പെത്തുന്നതിന് മുൻപ് തന്നെ ഒടിഞ്ഞുവീഴാൻ തുടങ്ങിയിട്ടുണ്ട്. രണ്ടാം കൃഷിക്കായി ഒരുങ്ങുന്ന നെൽപ്പാടങ്ങളിലും വെള്ളമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ഇത് കൂടാതെ തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ വളർച്ചയെയും ഇത് ദോഷകരമായി ബാധിക്കും.
കാലവർഷത്തിന്റെ തുടക്കത്തിൽ ലഭിച്ച ഇടവിട്ട മഴയ്ക്ക് ശേഷം കാര്യമായ മഴ പെയ്യാത്തതിനാൽ ജില്ലയിലെ കിണറുകളിലോ ജലാശയങ്ങളിലോ ജലനിരപ്പ് ഉയർന്നിട്ടില്ല. ഇതിനിടെ, പെയ്യുന്ന ഇടവിട്ടുള്ള ചെറിയ മഴകൾ വെള്ളം കെട്ടിക്കിടന്ന് ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ പടരാനുള്ള സാഹചര്യവും ജില്ലയിൽ സൃഷ്ടിക്കുന്നുണ്ട്.
