റവന്യൂ ജീവനക്കാരിയുടെ ഭർത്താവിനെ മർദ്ദിച്ച സംഭവം; ജില്ല കളക്ടറുടെ നേരിട്ടിടപെടൽ, ജീവനക്കാരിയേയും, ഭർത്താവിനേയും ഉദ്യോഗസ്ഥരേയും വിളിച്ച് വരുത്തി മൊഴിയെടുത്തു; നടപടിക്ക് സാധ്യത.
മലപ്പുറം: താലൂക്ക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാൻ ചെന്ന ഭർത്താവിനെ ആക്രമിച്ച സംഭവത്തിൽ ജില്ല കളക്ടറുടെ നേരിട്ടിടപെടൽ. ഇന്ന് രാവിലെ 9 മണിക്കാണ് മലപ്പുറത്ത് ജില്ല കളക്ടർ പരാതിക്കാരെ വിളിച്ചു വരുത്തിയത്. ഞായറാഴ്ച രാവിലെ തിരൂരങ്ങാടി താലൂക്ക് ജീവനക്കാരിയായ ലേഖയെ യാത്രയാക്കാൻ റോഡോരത്ത് വന്ന ഭർത്താവ് പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി പ്രമോദിനെ പരപ്പനങ്ങാടി സി.ഐ മർദ്ദിക്കുകയും, മൊബെൽ ഫോൺ പിടിച്ച് കൊണ്ടുപോവുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പരാതിക്കാരായ റവന്യൂ ജീവനക്കാരിയേയും, മർദ്ധനമേറ്റ ഭർത്താവിനേയും ഈ സംഭവത്തിൽ ഇടപെട്ട് അപമാനിക്കപ്പെട്ട താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരേയും നേരിട്ട് മലപ്പുറത്ത് കളക്ട്രേറ്റിൽ ജില്ല കളക്ടർ വിളിച്ച് വരുത്തി മൊഴിയെടുത്തത്.
ലോക്ഡൗൺ ആയതിനാൽ പരിസരം വിജനമായതിനാൽ ഭാര്യയെ യാത്രയാക്കാൻ വന്ന തന്നെ ചോദ്യമൊന്നുമില്ലാതെ പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ് അടിക്കുകയായിരുന്നുവെന്ന് പ്രമോദ് പരാതിയിൽ പറയുന്നു. തുടർന്ന് മൊബൈൽ കൊണ്ട് പോവുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ 11 മണിക്ക് ശേഷം തനിക്കെതിരെ വലിയ വകുപ്പുകൾ ചുമത്തി കേസ്സെടുക്കുകയായിരുന്നു. കാര്യമന്വേഷിക്കാൻ ഇടപെട്ട തഹസിൽദാർ അടക്കമുള്ളവരോട് പോലീസിനെ നിയന്ത്രിക്കുന്നത് കലക്ടർ അല്ല എന്ന തരത്തിലുള്ള മറുപടിയാണ് സി.ഐ. ഉയർത്തിയതെന്നും ഇവർ പറയുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി സര്‍ക്കാര്‍ സര്‍വ്വീസ് സംഘടനകളും രംഗത്തെത്തി. തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ജീവനക്കാരിയുടെ ഭര്‍ത്താവിനെ മര്‍ദ്ധിച്ചതിയലും ഓഫീസിലെ ജീവനക്കാരോട് സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചതിലും എന്‍.ജി.എ യൂണിയന്‍ ജില്ലാകമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.
സംഭവത്തിൽ കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
