പിറന്നാളാഘോഷത്തിന് ദുബായില്‍ കൊണ്ടുപോയില്ല; ഭര്‍ത്താവിനെ ഭാര്യ മൂക്കിനിടിച്ച് കൊന്നു
പ്രതീകാത്മക ചിത്രം
പിറന്നാളാഘോഷത്തിന് ദുബായില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ചതിനെ തുടർന്ന് ഭര്‍ത്താവിനെ ഭാര്യ മൂക്കിനിടിച്ച് കൊലപ്പെടുത്തി. പൂനെയിലാണ് സംഭവം. പൂനെ വനാവ്ദി റെസിഡന്‍ഷ്യല്‍ മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ദാരുണമായ കൊലപാതകം നടന്നത്. 36കാരനായ നിഖില്‍ ഖന്നയാണ് ഭാര്യയുടെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.
കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ബിസിനസ് നടത്തി വരികയായിരുന്നു നിഖില്‍. ആറ് വര്‍ഷം മുമ്പാണ് നിഖിലിന്റെ വിവാഹം കഴിഞ്ഞത്. രേണുകയാണ് നിഖിലിന്റെ ഭാര്യ. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്.
’’ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിറന്നാളാഘോഷത്തിന് രേണുകയെ നിഖില്‍ ദുബായിലേക്ക് കൊണ്ടുപോയില്ല. മാത്രമല്ല പിറന്നാളിനും വിവാഹവാര്‍ഷികത്തിനും വിലകൂടിയ സമ്മാനങ്ങള്‍ നിഖില്‍ രേണുകയ്ക്ക് നല്‍കിയുമില്ല.
ഇതേച്ചൊല്ലി രണ്ടുപേരും തര്‍ക്കത്തിലായി. തന്റെ ബന്ധുക്കളുടെ പിറന്നാളാഘോഷത്തിന് ഡല്‍ഹിയിൽ പോകണമെന്ന് രേണുക ആവശ്യപ്പെട്ടിരുന്നു. ഇതിനും നിഖില്‍ തയ്യാറായില്ല,’’ വനാവ്ദിയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തര്‍ക്കം മുറുകിയതോടെ രേണുക നിഖിലിന്റെ മുഖത്ത് ആഞ്ഞടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിഖിലിന്റെ മൂക്കും പല്ലും തകര്‍ന്നു. കടുത്ത രക്തസ്രാവവുമുണ്ടായി. അപ്പോള്‍ തന്നെ നിഖില്‍ ബോധം കെട്ട് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രേണുകയ്‌ക്കെതിരെ ഐപിസി 302 വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്‌തെന്നും പോലീസ് അറിയിച്ചു.
