പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെ കാറ്ററിങ് സ്റ്റാളുകൾ അടപ്പിച്ചു ; യാത്രക്കാർ ദുരിതത്തിലായി.
പരപ്പനങ്ങാടി : റെയിൽവേ സ്റ്റേഷനിലെ കാറ്ററിങ് സ്റ്റാളുകൾ അടപ്പിച്ചതായി പരാതി. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിലെ നാല് സ്റ്റാളുകളാണ് വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ റെയിൽവേ അധികൃതർ എത്തി അടപ്പിച്ചത്.
ഇതോടെ സ്റ്റേഷനിലെത്തിയ യാത്രക്കാർ ദുരിതത്തിലായി. ചായയും വെള്ളവുമൊന്നും യാത്രക്കാർക്ക് ലഭിച്ചില്ല. ചപ്പുചവറുകൾ അടിഞ്ഞുകൂടുന്നു എന്ന കാരണം പറഞ്ഞാണ് സ്റ്റാൾ അടപ്പിച്ചതെന്ന് ഉടമകൾ പറഞ്ഞു.
മാസങ്ങളായി റെയിൽവേ സ്റ്റേഷനിൽ ശുചീകരണത്തിന് ആളില്ല. നേരത്തെ ഉണ്ടായിരുന്ന ശുചീകരണ തൊഴിലാളികൾ വേതനം കിട്ടാതെ വന്നതോടെ പണി നിർത്തി വെച്ചതാണെന്നാണ് അറിയുന്നത്. പിന്നീട് ആളെ വെച്ചിട്ടില്ല.
ഇരുപ്ലാറ്റ് ഫോമുകളിലായി നാല് കാറ്ററിങ് സ്റ്റാളുകളാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലുള്ളത്.
സ്റ്റാളുകൾ അടപ്പിച്ചതോടെ ഉടമകളും ദുരിതത്തിലായി. വെള്ളിയാഴ്ച തുറക്കാനാകുമോ എന്ന ആശങ്കയിലാണ് സ്റ്റാളുടമകൾ.
