സമത്വം എന്നാല്‍ ഏകീകരിക്കലല്ല; ഏക സിവില്‍കോഡില്‍ ബിജെപി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നു; ആഞ്ഞടിച്ച് യെച്ചൂരി
ഏക സിവില്‍കോഡില്‍ ബിജെപി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏക സിവില്‍കോഡിനെതിരെ യോജിച്ചുള്ള പോരാട്ടമാണ് ആവശ്യം. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടണം.
ഏക സിവില്‍കോഡിനെ എതിര്‍ക്കുക തന്നെയാണ് സിപിഎം നയം. ഇത് നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറ്റ് ചില അജണ്ടകളുണ്ട്. ഇത് കൃത്യമായ രാഷ്ട്രീയ പദ്ധതിയാണ്. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാനാണ് ഈ ഒത്തുചേരല്‍. ഏക സിവില്‍കോഡിനെതിരായ സിപിഐം ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല ഏക സിവില്‍കോഡ്. സാമുദായിക ഭിന്നതയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള മുനകൂട്ടലാണിത്. അതാത് വിഭാഗങ്ങള്‍ തന്നെയാണ് സമത്വത്തിനായുള്ള കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടു വരേണ്ടത്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കം. ലോകം വൈവിധ്യം നിലര്‍നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏകീകരണത്തിന് ശ്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. സമത്വം എന്നാല്‍ ഏകീകരിക്കല്‍ അല്ല എന്നും യെച്ചൂരി.
