സ്ഥാപനത്തിന്റെ സംഭാവന പിരിക്കാനെത്തി ; വീട്ടിൽ സൂക്ഷിച്ച കുരുമുളക് മോഷ്ടിക്കാൻ ശ്രമിച്ചയാൾ പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ
മതസ്ഥാപനത്തിന്റെ പേരിൽ സംഭാവന പിരിക്കാനെത്തി കാര്യങ്ങൾ മനസ്സിലാക്കി വെച്ച് രാത്രി വീട്ടിൽ സൂക്ഷിച്ച കുരുമുളക് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. രണ്ടത്താണി വലിയക്കത്തൊടി ഫസൽ പൂക്കോയ തങ്ങളെ (39) യാണ് പരപ്പനങ്ങാടി എസ്.ഐ. അജീഷ് കെ ജോൺ, പരമേശ്വരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാഫി, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
ഒരാഴ്‌ച മുമ്പ് വള്ളിക്കുന്ന് കൊടക്കാട് എസ്റ്റേറ്റ് റോഡിലുള്ള പള്ളിയാളി മുനീറിന്റെ വീടിന്റെ സിറ്റൗട്ടിൽ സൂക്ഷിച്ചിട്ടുള്ള നാല് ചാക്ക് കുരുമുളക് മോഷ്ടിക്കാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ ചേർന്ന് ഓടിച്ചിരുന്നു. തുടർന്ന് മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഇയാളുടെ വണ്ടി പരിശോധിച്ചപ്പോൾ മണ്ണാർക്കാട് ഉള്ള ഒരു മതസ്ഥാപനത്തിന്റെ കീഴിലുള്ള കോളേജിലെ റസീറ്റ് ബുക്കുകൾ ലഭിച്ചു.
മോഷണം നടത്താൻ ശ്രമിച്ച വീട്ടിൽ ഒരാഴ്ച മുമ്പ് ഒരാൾ വന്നിരുന്നതായും ആ വീട്ടിൽ നിന്ന് കോളേജിലേക്ക് വേണ്ടി സംഭാവന രശീതി നൽകി സ്വീകരിക്കുകയും ചെയ്തിരുന്നതായും വ്യക്തമായി . അന്ന് വന്നയാൾ കുരുമുളക് എവിടെയാണ് സൂക്ഷിക്കുന്നത് എന്നും മറ്റുംവീട്ടുകാരിൽ നിന്ന് രഹസ്യമായി ചോദിച്ചറിഞ്ഞിരുന്നതായും പോലീസ് പറഞ്ഞു.
തുടർന്ന് മറ്റൊരു സ്ഥലത്ത് നിന്ന് ഇയാളെ നാട്ടുകാർ കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്ന് വന്ന ആളും മോഷണത്തിന് വന്നയാളും ഒരാളാണെന്ന് ബോധ്യപ്പെട്ടത്. ഇയാൾക്കെതിരെ കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ രണ്ട് കളവ് കേസുകളും, വേങ്ങര പോലീസ് സ്റ്റേഷനിൽ മൊബൈൽ മോഷണം നടത്തിയതിനും കേസുള്ളതായും പോലീസ് പറഞ്ഞു. മറ്റു കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നകാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
