NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറത്ത് മഴയുടെ ശക്തി കുറയുന്നു; നദികളിൽ ജലനിരപ്പ് താഴ്ന്നു; ദുരിതാശ്വാസ ക്യാമ്പുകളിൽ 299 പേർ

 

മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്തുപെയ്ത മഴയുടെ ശക്തി കുറയുന്നു. ഇടവിട്ട് മഴയും വെയിലും മാറിമാറി ലഭിക്കുന്ന രീതിയിലാണ് നിലവിൽ ജില്ലയിലെ കാലാവസ്ഥ. പ്രധാന നദികളിലെല്ലാം ജലനിരപ്പ് താഴ്ന്നതോടെ അപകടഭീഷണി ഒഴിവായിട്ടുണ്ട്.

 

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മഴ ഭീഷണി കുറഞ്ഞ സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ അവധി പ്രഖ്യാപിച്ചിട്ടില്ല.

 

എന്നാൽ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആഗസ്റ്റ് 7 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് വേഴക്കോട്ടാണ് (72 മില്ലിമീറ്റർ). ചെക്കുന്നിൽ 66 മില്ലിമീറ്ററും കരിപ്പൂരിൽ 48.9 മില്ലിമീറ്ററും മലപ്പുറത്ത് 43.6 മില്ലിമീറ്ററും മഴ ലഭിച്ചു. പൊന്നാനി (24 മി.മീ), നിലമ്പൂർ (20.6 മി.മീ), പെരിന്തൽമണ്ണ (16 മി.മീ) എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ കണക്കുകൾ.

 

മഴ മുന്നറിയിപ്പുകളുടെ ഭാഗമായി ജില്ലയിലെ വിവിധ താലൂക്കുകളിലായി ആരംഭിച്ച 12 ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവിൽ 299 പേരാണ് കഴിയുന്നത്. 98 കുടുംബങ്ങളിൽ നിന്നുള്ള 106 പുരുഷന്മാരും 131 സ്ത്രീകളും 62 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.

പാണക്കാട് ഡി.യു.എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതൽ ആളുകളുള്ളത് (103 പേർ). എ.ആർ നഗർ ജി.എം.എൽ.പി സ്കൂൾ മമ്പുറം (39 പേർ), വേങ്ങര പാലശ്ശേരിമാട് ജി.എം.യു.പി.എസ് (31 പേർ), എടവണ്ണ എസ്.എം.ജി.വി.എച്ച്. എസ്.എസ് (30 പേർ), പരപ്പൂർ കുട്ടിത്തറമ്മൽ എ.എം.യു.പി.എസ് (27 പേർ) എന്നിവിടങ്ങളിലും ആളുകൾ അഭയം തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!