തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ചു; എറണാകുളത്ത് എസ്ഐക്ക് സസ്‌പെൻഷൻ
തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ. അനസിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവം വലിയ വിവാദമായതിനെത്തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അന്വേഷണത്തിൽ അനസ് ലഹരിവസ്തു എടുത്തശേഷം തിരികെ വച്ചതായി കണ്ടെത്തി. ഇതുസംബന്ധിച്ച് എസ്എച്ച്ഒ കമ്മീഷണർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.
എസ്.ഐ. അനസിനെതിരായ നടപടി വൈകിയെന്ന ആരോപണവും ഉയർന്നിരുന്നു. ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് അനസിന് കടബാധ്യതയുണ്ടായിരുന്നുവെന്നും, കടം തീർക്കാൻ പണം കണ്ടെത്തുന്നതിനായാണോ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ എടുത്തതെന്ന കാര്യത്തിലും സംശയമുയർന്നിട്ടുണ്ട്.
അനസ് ലഹരി ഉപയോഗിക്കുന്നയാളാണോ, ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളിലും വിശദമായ അന്വേഷണം ആവശ്യമാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.
സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.
