പാലത്തിങ്ങലിൽ മീൻ കയറ്റിയ വാഹനം സ്കൂൾ ബസിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്
പാലത്തിങ്ങലിൽ മീൻ കയറ്റിയ വാഹനം സ്കൂൾ ബസിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്
പരപ്പനങ്ങാടി: പരപ്പനങ്ങാടി-ചെമ്മാട് റൂട്ടിൽ പാലത്തിങ്ങലിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിൽ മീൻ കയറ്റിവന്ന വാഹനം (ബൊലേറോ ജീപ്പ് ) ഇടിച്ച് അപകടം. ഇന്ന് പുലർച്ചെ 5:30 ഓടെയായിരുന്നു സംഭവം.
താനൂരിൽ നിന്ന് മീൻ കയറ്റി വരികയായിരുന്ന ജീപ്പാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ തകർന്ന ജീപ്പിന്റെ മുന്നിലെ ഭാഗത്ത് യാത്രികർ കുടുങ്ങിപ്പോയി.
നാട്ടുകാർ ഉടൻതന്നെ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് താനൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘവും പരപ്പനങ്ങാടി പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ജീപ്പ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
അപകടസമയത്ത് ജീപ്പിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ഉടൻതന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
