ഫോൺ തകർത്തത് ചോദ്യം ചെയ്തു; വിദ്യാർത്ഥിനിക്ക് നേരെ ക്രൂരമായ മർദ്ദനം; കാഴ്ചയ്ക്ക് തകരാർ സംഭവിച്ചു; പ്രതി അറസ്റ്റിൽ..!
സഹപാഠിയുടെ ഫോൺ നശിപ്പിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിനിയെ മാരകമായി മർദ്ദിച്ച് കണ്ണിന് പരിക്കേൽപ്പിച്ച സംഭവത്തിൽ ക്രമിനൽ പശ്ചാത്തലമുള്ള യുവാവ് പിടിയിൽ. കോട്ടക്കൽ പുത്തൂർ ആട്ടീരി സ്വദേശി അബുവിന്റെ മകൻ അബ്ദുൽ ജബ്ബാർ (32) ആണ് കോട്ടക്കൽ പോലീസിന്റെ പിടിയിലായത്.
ആക്രമണത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ കാഴ്ചയ്ക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ സുഹൃത്തായ മറ്റൊരു വിദ്യാർത്ഥിനിയെ പ്രതി നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നു. തുടർന്ന് ഈ പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പ്രതി ബലമായി പിടിച്ചുവാങ്ങി നിലത്തടിച്ച് തകർക്കുകയായിരുന്നു.
കേടായ ഫോൺ നന്നാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിയുമായി സംസാരിക്കവെയാണ് വിദ്യാർത്ഥിനിക്ക് നേരെ ആക്രമണമുണ്ടായത്. സംസാരത്തിനിടെ പ്രകോപിതനായ അബ്ദുൽ ജബ്ബാർ പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കണ്ണിന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടക്കൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കോട്ടക്കൽ ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അബ്ദുൽ ജബ്ബാറിനെതിരെ മുൻപും സമാനമായ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
