ജില്ലയിൽ അഞ്ചാംപനി ബാധിച്ച് രണ്ട് കുട്ടികൾ മരിച്ചു: ബാലാവകാശ കമ്മീഷൻ കേസെടുത്തു; 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം..!
പ്രതീകാത്മക ചിത്രം
മലപ്പുറം ജില്ലയിൽ വളവന്നൂരിലും പൊന്മളയിലും അഞ്ചാംപനി ബാധിച്ച് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വളവന്നൂരിൽ പത്തുമാസം പ്രായമുള്ള കുഞ്ഞും പൊന്മളയിൽ ഒന്നര വയസ്സുകാരനുമാണ് രോഗബാധയെ തുടർന്ന് മരിച്ചത്.
സംഭവത്തിൽ വനിതാ ശിശുവികസന വകുപ്പിനോടും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറോടും കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.
മരിച്ച കുട്ടികൾക്ക് കൃത്യസമയത്ത് പ്രതിരോധ കുത്തിവയ്പുകൾ ലഭിച്ചിരുന്നോ എന്നും വാക്സിനേഷൻ നൽകുന്നതിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്നും കമ്മീഷൻ പരിശോധിക്കും. കൂടാതെ, മേഖലയിൽ വാക്സിനേഷനോട് വിമുഖത കാണിക്കുന്ന വിഭാഗങ്ങളോ പ്രദേശങ്ങളോ ഉണ്ടെങ്കിൽ അതിന്റെ കാരണങ്ങളും അധികൃതർ കണ്ടെത്തേണ്ടതുണ്ട്.
ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷമായി മലപ്പുറം ജില്ലയിൽ മൂന്നിലൊന്ന് കുട്ടികൾക്ക് അഞ്ചാംപനിക്കെതിരായ രണ്ട് ഡോസ് വാക്സിൻ പൂർണ്ണമായി ലഭിച്ചിട്ടില്ല. 2025-26 വർഷത്തിൽ 63 ശതമാനം കുട്ടികൾക്ക് മാത്രമാണ് രണ്ട് ഡോസും ലഭിച്ചത്.
വേങ്ങര, താനൂർ, മലപ്പുറം, അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകളിൽ 40 ശതമാനത്തിലേറെ കുട്ടികൾക്കും വാക്സിനേഷൻ പൂർണ്ണമല്ല. ജില്ലയിൽ ഈ വർഷം ഇതുവരെ 63 പേർക്ക് അഞ്ചാംപനി സ്ഥിരീകരിക്കുകയും 400-ഓളം പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുമാണ്.
പനി, ജലദോഷം, കണ്ണുകൾക്ക് ചുവപ്പുനിറം, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് അതിവേഗം പകരുന്ന ഈ വൈറസ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യൂമോണിയ, മസ്തിഷ്കജ്വരം എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിരോധ കുത്തിവയ്പുകൾ ഉറപ്പാക്കുന്നതിനായി വളവന്നൂർ, കുറ്റിപ്പുറം, വേങ്ങര, പൂക്കോട്ടൂർ തുടങ്ങിയ മേഖലകളിൽ പ്രത്യേക ബോധവൽക്കരണവും വാക്സിനേഷൻ ക്യാമ്പുകളും ശക്തമാക്കിയിട്ടുണ്ട്.
