പരപ്പനങ്ങാടി എൽ. ബി. എസ് ഐ. ഐ.എസ്.ടി സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും: എം.എൽ.എ പി.എം.എ സമീറിന്റെ സാന്നിധ്യത്തിൽ എ.ഡി.എം ന്റെ ചേമ്പറിൽ യോഗം ചേർന്നു
പരപ്പനങ്ങാടി എൽ. ബി. എസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ തീർപ്പാക്കുന്നതിന് തീരുമാനിച്ചു. ഇത് സംബന്ധിച്ച് തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ പി. എം. എ സമീറിന്റെ ആവശ്യപ്രകാരം എ.ഡി.എം ന്റെ ചേമ്പറിൽ ചേർന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് തീരുമാനമായത്.
നേരത്തെ പി എം എ സമീറിന്റെ ഇടപെടലിന്റെ ഫലമായി സംസ്ഥാന ബജറ്റിൽ ഈ പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക അനുവദിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഈ പദ്ധതിക്ക് ആവശ്യമായ മുഴുവൻ തുകയും അനുവദിച്ചിരുന്നെങ്കിലും, തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാർ ഭരണാനുമതി ലഭ്യമാക്കിയ തുക അനുവദിക്കാതെ മരവിപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ 10 വർഷമായി ഈ പദ്ധതി ചരമം പ്രാപിച്ച അവസ്ഥയിലായിരുന്നു. യു.ഡി.എഫ് സർക്കാർ വന്നതോടെ ഈ പദ്ധതിക്ക് വീണ്ടും ജീവൻ വെക്കുകയാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട റവന്യൂ വിഭാഗം ഉദ്യോഗസ്ഥരുടെയും, എൽബിഎസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് നടപടികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്. പി. എം
എ സമീറിന്റെ ആവശ്യപ്രകാരം പരപ്പനങ്ങാടി എൽ. ബി. എസ് ഐ.ഐ.എസ്. ടി യുടെ നിർമ്മാണത്തിന് സ്പെഷ്യൽ ഓഫീസറെ നിയമിച്ച് ഉത്തരവായിട്ടുണ്ട്. സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ അവരുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി സ്ഥാപിക്കുന്നതിന് ശുപാർശ ചെയ്ത പദ്ധതിയാണ് എൽ.ബി.എസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി. യുഡിഎഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബിന്റെ ശ്രമഫലമായി ഈ സ്ഥാപനം തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടിയിൽ സ്ഥാപിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. ആർട്സ് ആൻഡ് സയൻസ് കോളേജ്, എൻജിനീയറിങ് കോളേജ്, പോളിടെക്നിക് കോളേജ്, എൽ. ബി.എസിന്റെ പി.ജി.ഡി.സി.എ അടക്കമുള്ള വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ, പുതിയ ന്യൂജൻ സ്കിൽ കോഴ്സുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ ഹബ്ബ് ആണ് ഈ സ്ഥാപനം. ഇതിൽ ആർട്സ് ആൻഡ് സയൻസ് കോളേജ് വാടക കെട്ടിടത്തിൽ വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചു. സ്വന്തം കെട്ടിടവും സ്ഥലവും ലഭ്യമാകാത്തതിനാൽ മറ്റു സ്ഥാപനങ്ങൾ ആരംഭിച്ചിട്ടില്ല. സ്വന്തം സ്ഥലവും കെട്ടിടവും ലഭ്യമാകുന്നതോടെ ബാക്കിയുള്ള സ്ഥാപനങ്ങൾ കൂടി ഈ സ്ഥാപനത്തിൽ യാഥാർത്ഥ്യമാകും.
തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ പി.എം.എ സമീർ, എ.ഡി.എം സാദിഖ് പി.ഒ, ലാൻഡ് അക്വിസിഷൻ ജൂനിയർ സൂപ്രണ്ട് സോമസുന്ദരൻ, പരപ്പനങ്ങാടി എൽ. ബി. എസ്.ഐ.ഐ.എസ്.ടി സ്പെഷ്യൽ ഓഫീസർ മുകൾ ജോസഫ്, ഇൻസ്‌ട്രക്ടർ വേണു, സെക്ഷൻ സ്റ്റാഫ് സത്യനാഥൻ കെ, ടി.കെ നാസർ പങ്കെടുത്തു.
