വാഹനാപകടം: ഉംറ കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങുകയായിരുന്ന തിരുനാവായ സ്വദേശികളായ ഉമ്മയും മകളും മരിച്ചു
ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവ്വഹിക്കാൻ എത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. കുറ്റിപ്പുറം തിരുനാവായ
നടുവട്ടം തെക്കേ പീടിക്കല്‍ ഹൗസില്‍ അബ്ദുല്ലത്തീഫിന്റെ ഭാര്യ രഹന (52), ഇവരുടെ മൂത്ത മകള്‍ ഡോ നഹ്‌ല നര്‍മിന്‍ (29) എന്നിവരാണ് . ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി തിരികെ മടങ്ങുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം.
ത്വാഇഫിൽ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ് ഹൈവേയിൽ, ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ദലം എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയാ യിരുന്നു.
വാഹനത്തിലുണ്ടായിരുന്ന അബ്ദു ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീർഘകാലമായി ഖത്തറിലുള്ള ലത്തീഫും കുടുംബവും അവിടെ നിന്നാണ് റോഡ് മാർഗ്ഗം വിശുദ്ധ മക്കയിലെത്തിയത്.
അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലവിൽ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്കായി റിയാദിലെയും ത്വാഇഫിലെയും സന്നദ്ധ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.
