തമിഴ്‌നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞു, ആവശ്യക്കാർ ഏറി; കോഴിമുട്ട വില സർവ്വകാല റെക്കോർഡും കടന്ന് 9 രൂപയിലേക്ക്..!
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ സാധാരണക്കാരന്റെ ആശ്രയമായ കോഴിമുട്ട വിലയും സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഒരു മാസം മുൻപ് ആറ് രൂപയുണ്ടായിരുന്ന കോഴിമുട്ടയുടെ ചില്ലറവില ഇപ്പോൾ എട്ടര രൂപയും കടന്ന് ഒൻപത് രൂപയിലേക്ക് എത്തിനിൽക്കുകയാണ്.
ഇതോടെ നാടൻ കോഴിമുട്ടയ്ക്ക് 13 രൂപയും താറാവ് മുട്ടയ്ക്ക് 15 രൂപ വരെയുമായി വിപണിയിൽ വില ഉയർന്നു. മുട്ടവില കുതിച്ചുയർന്നതോടെ ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറി നിർമ്മാണ മേഖലകൾ എന്നിവയെല്ലാം കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്.
മറ്റു നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടിയതോടെ സാധാരണക്കാർ ബദൽ വിഭവമായി മുട്ടയെയായിരുന്നു കൂടുതൽ ആശ്രയിച്ചിരുന്നത്. എന്നാൽ ആവശ്യക്കാർ കൂടിയതും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കയറ്റുമതി വർദ്ധിച്ചതും പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായി.
തമിഴ്‌നാട്ടിൽ നിന്ന് നിലവിൽ കൂടുതൽ മുട്ടകൾ ആന്ധ്രാപ്രദേശിലേക്ക് കയറ്റി അയക്കുന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ ക്ഷാമത്തിന് പ്രധാന കാരണം. കൂടാതെ കോഴിത്തീറ്റ വിലയും വളർത്തുചെലവും വർദ്ധിച്ചതോടെ പലരും മുട്ടക്കോഴി കൃഷിയിൽ നിന്ന് പിന്മാറിയതും ഹാച്ചറികളിൽ കുഞ്ഞുങ്ങളെ വിരിയിക്കുന്നത് കുറഞ്ഞതും ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.
കേരളത്തിലേക്ക് പ്രധാനമായും തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നാണ് മുട്ടയെത്തുന്നത്. എന്നാൽ മുട്ട ശേഖരിച്ച് വിപണനം നടത്തുന്നതിന് സംസ്ഥാനത്ത് കൃത്യമായ സർക്കാർ സംവിധാനമില്ലാത്തതിനാൽ ഇതരസംസ്ഥാന കുത്തക ലോബികൾ നിശ്ചയിക്കുന്ന വിലയ്ക്ക് വിൽപന നടത്തേണ്ട അവസ്ഥയിലാണ് ഇവിടുത്തെ വ്യാപാരികൾ.
കുടുംബശ്രീ വഴി ഗ്രാമീണ മേഖലകളിൽ നാടൻ കോഴി ഫാമുകൾ ആരംഭിച്ചെങ്കിലും വിപണിയിലെ വിലക്കയറ്റം തടയാൻ അതിന് സാധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മുട്ടവില ഇനിയും ഉയരാനാണ് സാധ്യതയെന്നും, വില കുറഞ്ഞില്ലെങ്കിൽ ബേക്കറി പലഹാരങ്ങളുടെ വില വർദ്ധിപ്പിക്കേണ്ടി വരുമെന്നും നിർമ്മാതാക്കൾ.
