യുവാവിനെ ഭീഷണിപ്പെടുത്തി സ്കൂട്ടറും ഫോണും കവർന്ന കേസ്: പ്രതികൾ പിടിയിൽ
കോഴിക്കോട് പന്തീരാങ്കാവിൽ യുവാവിനെ ഭീഷണിപ്പെടുത്തി സ്കൂട്ടറും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതികൾ പിടിയിൽ.
പന്തീരാങ്കാവ് വടക്കേടത്ത് മേത്തൽ വീട്ടിൽ സനിത്ത് (29), മണക്കടവ് കളത്തിങ്ങൽ വീട്ടിൽ ജിഷ്ണു (21), ചാലിക്കര പനോളി വീട്ടിൽ മുഹമ്മദ് ഷഫീഖ് (26) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ സുഹൃത്തും കേസിൽ കൂട്ടുപ്രതിയുമായ അഭിഷേകിനെ അന്വേഷിച്ചു വരികയാണ്.
വെള്ളിയാഴ്ച വൈകിട്ട് പന്തീരാങ്കാവ് മാമ്പുഴ പാലത്തിനു താഴെ വച്ചായിരുന്നു സംഭവം. അതുവഴി പോകുകയായിരുന്ന കൈമ്പാലം സ്വദേശി മുഹമ്മദ് സൈദിനെ പ്രതികൾ ഭീഷണിപ്പെടുത്തിയും ആക്രമിക്കുകയും സ്കൂട്ടറും മൊബൈൽ ഫോണും കവരുകയുമായിരുന്നു.
മുഹമ്മദ് സൈദിന്റെ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജാക്സൺ ജോയ്, സുനീഷ്, സിവിൽ പൊലീസ് ഓഫിസർ രാജു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.
