മുഷിഞ്ഞ കോച്ചുകളും നാറുന്ന ടോയ്ലെറ്റുകളും ഇനി പഴങ്കഥ; അടിമുടി മാറ്റം ഉടനെന്ന് റെയില്‍വേ
ന്യൂഡല്‍ഹി : ട്രെയിനുകളിലെ യാത്രാ സൗകര്യങ്ങളും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിന് വമ്പന്‍ പദ്ധതി തയ്യാറാക്കി റെയില്‍വേ. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ പഴയ കോച്ചുകളെല്ലാം നവീകരിക്കുകയാണ് റെയില്‍വേ. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സമൂഹമാദ്ധ്യമമായ എക്സില്‍ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം പുതിയ മോഡലും വെളിപ്പെടുത്തി.
ആധുനിക ഡിസൈനിലുള്ള കോച്ചുകളും പരിഷ്കരിച്ച ടോയ്ലെറ്റുകളും ഉള്‍പ്പെടുത്തി യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളാണ് റെയില്‍വേ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു. നിലവിലുള്ള കോച്ചുകളില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള മാതൃക കോച്ച് റെയില്‍വേ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. നവീകരിച്ച ഉള്‍വശവും മികച്ച ടോയ്ലെറ്റ് സൗകര്യങ്ങളുമാണ് പ്രത്യേകത.
റെയില്‍വേ ജീവനക്കാര്‍ക്കും വെന്‍ഡര്‍മാര്‍ക്കും ഐഡന്റീറ്റി കാര്‍ഡുകളും യൂണിഫോമും നിര്‍ബന്ധമാക്കുമെന്നും യാത്രക്കാരെ സഹായിക്കുന്നതിനായി പുതിയ സൈന്‍ ബോര്‍ഡുകളും ദിശാസൂചകങ്ങളും സ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. റെയില്‍വേ സ്റ്റേഷനെ ടാക്സി സര്‍വീസുകളുമായി സംയോജിക്കുന്നതാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു പരിഷ്കാരം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി റെയില്‍വേ സുരക്ഷ മേഖലയില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.
