കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടം; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക ഈ മാസം പതിനഞ്ചിന് ശേഷം
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. മാർച്ച് 15ന് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർ പട്ടികയ്ക്കെതിരെ പരാതി നൽകാനുള്ള സമയപരിധി മാർച്ച് 15നാണ് അവസാനിക്കുന്നത്. ഇതിനാലാണ് പ്രഖ്യാപനം വൈകുന്നത്. ഫെബ്രുവരി 28ന് ബംഗാളിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയെ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനുള്ള സമയം അവസാനിക്കുന്നതോടെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കാമെന്നാണ് കമ്മീഷന്റെ തീരുമാനം.
അതിനാൽ അടുത്ത ആഴ്ച തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ട വോട്ടെടുപ്പ് നടത്താനാണ് സാധ്യത. അസമിൽ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള ആലോചനയുണ്ട്. പശ്ചിമ ബംഗാളിൽ അഞ്ചുഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് പദ്ധതി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബംഗാളിൽ എട്ടുഘട്ടമായിരുന്നു വോട്ടെടുപ്പ് നടന്നത്.
കേരളത്തിൽ പ്രശ്നബാധിത ബൂത്തുകളിൽ ഇത്തവണയും കേന്ദ്രസേനയെ വിന്യസിക്കും. മലബാർ മേഖലയിലാണ് ഇത്തരത്തിലുള്ള ബൂത്തുകൾ കൂടുതലുള്ളത്. ഏപ്രിൽ 20 മുതൽ 30 വരെയുള്ള ദിവസങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തണമെന്നാണ് ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
