NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദാറുല്‍ഹുദാ ബിരുദദാന- മിഅ്‌റാജ് സമ്മേളനത്തിന് 27 ന് തുടക്കമാകും.

 

ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിന് 27 ന് ഞായറാഴ്ച തുടക്കമാകും. സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ പരിപാടികളെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദാറുല്‍ഹുദായുടെ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനവും ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ്, അഖീദ ആന്‍ഡ് ഫിലോസഫി, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യന്‍, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നീ ആറ് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പിജി പഠനവും പൂര്‍ത്തിയാക്കിയ 176 പണ്ഡിതര്‍ക്കാണ് ഇത്തവണ ഹുദവി ബിരുദം നല്‍കുന്നത്. ഇതില്‍ 17 പേര്‍ വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഒരു വ്യാഴവട്ട കാലത്തെ ദാറുല്‍ഹുദാ വിദ്യാഭ്യാസത്തോടൊപ്പം രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസ-സാമൂഹിക സേവനം കൂടി പൂര്‍ത്തീകരിച്ചവര്‍ക്കാണ് ബിരുദം നല്‍കുന്നത്. വാഴ്‌സിറ്റിക്കു കീഴിലുള്ള ഫാത്വിമാ സഹ്‌റാ വനിതാ കോളേജില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ 92 പണ്ഡിതകള്‍ക്കുള്ള സഹ്‌റാവിയ്യ ബിരുദദാന ചടങ്ങ് മാര്‍ച്ച് 10 നു നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസ-സാമൂഹിക-സംസ്‌കരണ രംഗത്ത് ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ പ്രാപ്തരായ പണ്ഡിതരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ 1986-ല്‍ സ്ഥാപിതമായ ദാറുല്‍ഹുദാ 2009-ലാണ് സര്‍വകലാശാലയായി അപ്‌ഗ്രെയ്ഡ് ചെയ്തത്. പശ്ചിമ ബംഗാള്‍, ആസാം, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ വാഴ്‌സിറ്റിയുടെ ഓഫ് കാമ്പസുകളും സംസ്ഥാനത്തിനകത്തും പുറത്തുമായി 28 അഫിലിയേറ്റഡ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. നിലവില്‍ വിവിധ കോഴ്‌സുകളിലായി 12364 പഠിതാക്കളുമുണ്ട്.

സമ്മേളനത്തിന്റെ മുന്നോടിയായി 27 ന് ഞായറാഴ്ച ദാറുല്‍ഹുദാ ശില്‍പികളുടെ മഖ്ബറകളിലൂടെയുള്ള സ്മൃതിപഥ പ്രയാണം നടക്കും. ഉച്ചക്ക് ശേഷം 3.15 ന് മമ്പുറം മഖാമില്‍ നടക്കുന്ന സിയാറത്തിന് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കും. വൈകീട്ട് 4.45 ന് സമ്മേളന നഗരിയില്‍ ട്രഷറര്‍ കെ.എം സൈദലവി ഹാജി പുലിക്കോട് പതാക ഉയര്‍ത്തും. രാത്രി 7.15 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദധാരികളുടെ സംഗമം നടക്കും. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ എം. അബ്ദുര്‍റഹ്മാന്‍ വിശിഷ്ടാതിഥിയാകും. വി.ടി റഫീഖ് ഹുദവി കടുങ്ങല്ലൂര്‍ അധ്യക്ഷനാകും. മുസ്തഖീം അഹ്മദ് ഫൈസി ബീഹാര്‍ മുഖ്യപ്രഭാഷണം നടത്തും.

28 ന് തിങ്കളാഴ്ച രാവിലെ 9.30 ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ.യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖാം സിയാറത്ത് നടക്കും. എ.ടി ഇബ്രാഹീം ഫൈസി തരിശ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

10.15 ന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ ഹുദവി സംഗമവും സ്ഥാനവസ്ത്ര വിതരണവും നടക്കും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി വിശിഷ്ടാതിഥിയാകും. സ്ഥാന വസ്ത്ര വിതരണം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് അധ്യക്ഷനാകും. കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി ഉദ്‌ബോധനവും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ ജന.സെക്രട്ടറി ഡോ. കെ.പി ഫൈസല്‍ ഹുദവി മാരിയാട് സന്ദേശപ്രഭാഷണവും നിര്‍വഹിക്കും. അധ്യാപകരും മാനേജ്‌മെന്റ് ഭാരവാഹികളും ഹാദിയ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.

അസ്വര്‍ നമസ്‌കാരാനന്തരം ഖത്മ് ദുആ സദസ്സ് നടക്കും. കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃതം നല്‍കും. സി. യൂസുഫ് ഫൈസി മേല്‍മുറി അധ്യക്ഷനാകും.

വൈകീട്ട് 7.15 ന് ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പണ്ഡിതര്‍ക്കുള്ള ബിരുദദാനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണം നടത്തും. തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ വിശിഷ്ടാതിഥിയാകും.
സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് മൂസക്കുട്ടി ഹസ്രത്ത്, ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, കെ.പി.എ മജീദ് എം.എല്‍.എ തുടങ്ങിയവര്‍ സംസാരിക്കും.

സമസ്ത വൈ.പ്രസിഡന്റ് യു.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പാണക്കാട്, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, പി.കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, റശീദ് ഫൈസി വെള്ളായിക്കോട്, കെ.പി മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. ദാറുല്‍ഹുദാ യു.ജി സ്ഥാപനങ്ങളുടെ മേധാവികളും ഭാരവാഹികളും സംബന്ധിക്കും.

തുടര്‍ന്ന് നടക്കുന്ന മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സദസ്സിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷനാകും. നിരവധി സയ്യിദുമാരും പണ്ഡിതരും പങ്കെടുക്കും.

ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് 26 ന് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ദാറുല്‍ഹുദാ അഭ്യുദയകാംക്ഷികളുടെ സ്‌നേഹസംഗമം-ഹംസഫര്‍ നടക്കും. സംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, രജിസ്ട്രാര്‍ എം.കെ.എം ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി, മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, മാനേജര്‍ കെ.പി ശംസുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!