കേരളത്തിലും ഒമൈക്രോൺ; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
കേരളത്തിലും ഒമൈക്രോൺ രോഗബാധ സ്ഥിരീകരിച്ചു. യുകെയിൽനിന്നു വന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അബുദാബി വഴിയാണ് ഇയാള്‍ കൊച്ചിയിലെത്തിയത്.
രോഗം സ്ഥിരീകരിച്ചയാൾ യുകെയിൽനിന്ന് അബുദാബിയിൽ എത്തിയ ശേഷം ഡിസംബർ ആറാം തീയതിയാണ് കൊച്ചിയിൽ എത്തിയതെന്നും. എത്തിയതിന്റെ രണ്ടാം ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയും അമ്മയും കോവിഡ് പോസിറ്റീവായതായും ഇവരെ ഐസലേഷനിലേക്കു മാറ്റിയതായും മന്ത്രി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. കേന്ദ്രസർക്കാർ മാർഗ്ഗനിർദേശപ്രകാരമുള്ള എല്ലാ ജാഗ്രതയും മുന്നൊരുക്കവും കൃത്യമായി നടത്തിയിട്ടുണ്ടെന്നും രോഗബാധിതൻ പൂർണആരോഗ്യവാനാണെന്നും നിലവിൽ ആശങ്കയ്കക്കുള്ള യാതൊരു സാഹചര്യവുമില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
രോഗിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന 149 യാത്രികരെയും വിവരം അറിയിച്ചു. വിമാനത്തിൽ ഇദ്ദേഹത്തിൻ്റെ അടുത്ത സീറ്റുകളിൽ ഇരുന്നവരേയും തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആറാം തീയതി അബുദാബിയിൽ നിന്നും കൊച്ചിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചരിക്കുന്നത്. 26 മുതൽ 32 വരെയുള്ള സീറ്റുകളിലെ യാത്രക്കാരെയാണ് ഹൈ റിസ്ക് കാറ്റഗറിയിൽപ്പെടുത്തി ക്വാറൻ്റൈൻ ചെയ്തത്.
